ഫോള്‍ഡിങ് ഫോണിന്റെ ടീസര്‍ പുറത്തിറക്കി സാംസങ്

സാംസങ്ങ് ഗ്യാലക്‌സി ഫോണിന്റെ പത്താം വാര്‍ഷികത്തിലാണ് പുതിയ ഫോണുകള്‍ എത്തുന്നത്

സന്‍ഫ്രാന്‍സിസ്‌കോ: സാംസങ്ങിന്റെ മടക്കാവുന്ന ഫോള്‍ഡിങ് ഫോണ്‍ ഫെബ്രുവരി 20ന് പുറത്തിറങ്ങും. ഇതിന് മുന്നോടിയായി ഫോണിന്റെ ടീസര്‍ സാംസങ്ങ് പുറത്തിറക്കി. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് സാംസങ്ങ് ടീസര്‍ പുറത്ത് വിട്ടത്. കമ്പനിയുടെ സുപ്രധാന മോഡലായ ഗ്യാലക്സി എസ്10 ന് ഒപ്പമായിരിക്കും ഈ ഫോണ്‍ എത്തുക. മുന്‍പ് ആപ്പിള്‍ ഐഫോണുകള്‍ അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രയാം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 20ന് പുതിയ ഫോണുകളുടെ അനാവരണം സാംസങ്ങ് നടത്തുന്നത് എന്നത് വ്യക്തമായ സൂചനയായി ടെക് ലോകം കരുതുന്നു.

സാംസങ്ങ് ഗ്യാലക്‌സി ഫോണിന്റെ പത്താം വാര്‍ഷികത്തിലാണ് പുതിയ ഫോണുകള്‍ എത്തുന്നത്. പത്തു വര്‍ഷത്തെ സ്മാര്‍ട് ഫോണ്‍ നിര്‍മാണ പരിചയം പിന്‍ബലമാക്കി സൃഷ്ടിച്ച പുതിയ ഫോണുകള്‍ വ്യത്യസ്തമായ അനുഭവം നല്‍കാന്‍ കെല്‍പ്പുള്ള ഉപകരണങ്ങളാണെന്നാണ് സാംസങ്ങ് അവകാശവാദം.


ഗ്യാലക്സി ഫോണുകളുടെ ഭാവിയിലേക്ക് കൂടി വിരല്‍ചൂണ്ടുന്നതായിരിക്കും ഫോണ്‍. 2018ല്‍ നടത്തിയ സാംസങ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ കമ്പനി ഇന്‍ഫിനിറ്റി ഡിസ്പ്ലെ പുറത്തിറക്കിയിരുന്നു. ഇത് പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുന്നുവെന്നും സാംസങ്ങ് പറയുന്നു.

വിവിധ ടെക് സൈറ്റുകളില്‍ പറയുന്ന വാര്‍ത്ത പ്രകാരം, ഫോണിന് തുറക്കുമ്പോള്‍ 7.3-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ ലഭിക്കും. ഫോള്‍ഡ് ചെയ്യുമ്പോള്‍ വലുപ്പം 4.5 ഇഞ്ചായി കുറയും. ചെറിയ ഡിസ്പ്ലെയും വലിയ ഡിസ്പ്ലെയും ഉപയോഗിക്കാം. ചെറിയ ഡിസ്പ്ലെയില്‍ കളിച്ചു തുടങ്ങിയ ഗെയിം വലിയ ഡിസ്പ്ലെയില്‍ തുടരാവുന്ന രീതിയിലായിരിക്കും സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുക എന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Exit mobile version