ഗര്‍ഭിണികള്‍ സന്ധ്യയ്ക്ക് പുറത്തിറങ്ങിയാല്‍ വയറില്‍ പ്രേതം കയറും..! വേദന മൂര്‍ദ്ധന്യാവസ്ഥയിലെത്തി പ്രസവിച്ചാലേ കുഞ്ഞിനോട് സ്‌നേഹം ഉണ്ടാകൂ; പഴങ്കഥകള്‍ മാറ്റി നിര്‍ത്തി വിവേകത്തോടെ ചിന്തിക്കൂ.. ഡോക്ടറുടെ കുറിപ്പ്

പ്രസവവേദന കൊണ്ട് പുളഞ്ഞപ്പോൾ ഓപ്പറേഷൻ വേണ്ടെന്നു വെക്കാൻ ഭർത്താവ് നിർബന്ധിതനാകാൻ കാരണമായ മറ്റ് കാര്യങ്ങൾ എന്താണെന്നു കൂടെ അറിയേണ്ടതുണ്ട്.

ഒരു സ്ത്രീ അമ്മയാകുക എന്നത് ഏറ്റവും മഹത്തരമായ കാര്യമാണ്. എന്നാല്‍ കുഞ്ഞ് വയറില്‍ കിടന്ന് വളരുന്നതനുസരിച്ച് അന്ധവിശ്വാസവും വളരുന്നു. അതും സ്വന്തം വീട്ടില്‍ നിന്നാണെന്നത് വിരോധാഭാസം. എന്നാല്‍ ഇവയ്‌ക്കൊന്നും യാതൊരു അര്‍ത്ഥവുമില്ല ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ല. എന്നാല്‍ ഗര്‍ഭിണികള്‍ തീര്‍ച്ചയായും അറിയേണ്ട കാര്യങ്ങളും ഇത്തരം പൊള്ളയായ വിശ്വാസങ്ങളെ തുറന്ന് കാണിക്കുകയാണ് ഇവിടെ ഒരു ഡോക്ടര്‍.

പസവവേദന കലശലാകുന്നത് സിസ്സേറിയന്‍ ഓപ്പറേഷനുള്ള സമയസൂചകമാണെന്നതാണ് ഒന്നാമത്തെ തെറ്റിദ്ധാരണ. വേദനയെടുത്ത് പ്രസവിച്ചാല്‍ മാത്രമേ കുഞ്ഞിനോട് സ്‌നേഹമുണ്ടാകൂ എന്ന അബദ്ധപഞ്ചാംഗം മൊഴിയുന്ന പഴമക്കാരും ഇന്നാട്ടില്‍ കുറവല്ല. മാത്രമല്ല സന്ധ്യാസമയങ്ങളില്‍ പുറത്തിറങ്ങിയാല്‍ വയറില്‍ പ്രേതം കയറും എന്നും നഗരത്തില്‍ ഉള്ളവര്‍പോലും കരുതുന്നു

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

പ്രസവവേദന കലശലാവുന്നത് സിസ്സേറിയൻ ഓപ്പറേഷൻ ചെയ്യാനുള്ള ഇൻഡിക്കേഷൻ അല്ല എന്ന് ആദ്യം മനസിലാക്കുക.

വേദന കാരണം അമ്മക്ക് മുക്കിപ്രസവം (normal delivery) സാധ്യമാക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ മാത്രമാണ് മറ്റ് സഹായകമാർഗങ്ങൾ ഉപയോഗിക്കുക. (വേദനയുടെ കോണ്ടെക്സ്റ്റിൽ മാത്രം പറയുന്നത്.)
പിന്നെ മനസിലാക്കേണ്ട മറ്റൊരു പ്രധാനകാര്യം കൂടെയുണ്ട്. ബന്ധുക്കൾ കൂടെയുണ്ടെങ്കിൽ ഏതൊരു എമർജൻസി അല്ലെങ്കിൽ ഓപ്‌ഷണൽ ആയ ഓപ്പറേഷനും നടക്കാൻ അടുത്ത ബന്ധുക്കളുടെ informed written (ഓപ്പറേഷനുമായി ബന്ധപ്പെട്ട എല്ലാ റിസ്കുകളും രോഗിയെയും ബന്ധുവിനെയും അറിയിച്ച ശേഷം രോഗിയും ബന്ധുവും എഴുതുന്ന) അനുമതി ആവശ്യമാണ്. രോഗി അബോധാവസ്ഥയിൽ ആണെങ്കിൽ രോഗിയുടെ എഴുതിയുള്ള സമ്മതം ആവശ്യമില്ല. ബന്ധുക്കൾ കൂടെയില്ലെങ്കിൽ എമർജൻസി അവസരങ്ങളിൽ രോഗിയുടെ ജീവനാണ് പ്രാധാന്യം. അപ്പോഴാണ് അനുമതി ഇല്ലാതെ ഓപ്പറേഷൻ നടക്കുക. ഓപ്‌ഷണൽ ആയ ഓപ്പറേഷന് പോലും ഡോക്ടർമാർ രോഗിയായ സ്ത്രീയുടെ ഭർത്താവിന്റെ സമ്മതം ചോദിക്കാൻ മറ്റൊരു കാര്യം കൂടെയുണ്ട്. സ്ത്രീയുടെ അധികാരി താനാണെന്ന് വിശ്വസിക്കുന്ന ഒരു ഭർതൃസമൂഹത്തെക്കൂടെയാണ് ഡോക്ടർമാർക്ക് ഡീൽ ചെയ്യേണ്ടിവരുന്നത് എന്ന് മറക്കരുത്.

അബോർഷന് ഭർത്താവിന്റെ സമ്മതം ആവശ്യമില്ലെന്നു നിയമം പറയുമ്പോഴും തന്നോട് പറയാതെ ഭാര്യക്ക് അബോർഷൻ കൊടുത്തെന്നും പറഞ്ഞു ഡോക്ടറുടെ വീട്ടിലേക്കു അതിക്രമിച്ചു കയറി ബഹളം ഉണ്ടാക്കിയ നാണംകേട്ട ഭർത്താക്കന്മാർ തിരുവനന്തപുരം നഗരത്തിൽവരെയുണ്ട് ! ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം സുരക്ഷയും തങ്ങളുടെ വീട്ടുകാരുടെ സുരക്ഷയും കണക്കിലെടുക്കാൻ ഡോക്ടർമാർ തുനിയുന്നതിൽ അവരെ കുറ്റം പറയാൻ പറ്റില്ല.

പ്രസവവേദന periods സമയത്തെ വേദന പോലെയാണ്, പീരിയഡ് സമയത്തെ വേദന സഹിച്ചാൽ പ്രസവവേദന സഹിക്കാം എന്നും പറഞ്ഞാണ് മിക്ക അമ്മമാരും പെണ്മക്കളെ വളർത്തുന്നത്. അതിനെപ്പറ്റി എഴുതിയത് തീർച്ചയായും വായിക്കുക. (ലിങ്ക് കമന്റ്‌ boxil).
പ്രസവവേദന കുറക്കാൻ എപിഡ്യൂറൽ അനസ്തേഷ്യ മിക്ക സ്വകാര്യആശുപത്രികളിലും ലഭ്യമാണ്. പക്ഷെ അതെടുത്താൽ നടുവേദന വരുമെന്നും പറഞ്ഞു കുറേപ്പേർ രംഗത്തുണ്ട്. പ്രസവശേഷം എല്ലാവർക്കും നടുവേദന വരാം. സാധാരണപ്രസവത്തിനു ശേഷം വെറും രണ്ട് ദിവസത്തിനുള്ളിലും (പ്രസവവുമായി ബന്ധപ്പെട്ട ശാരീരികക്ഷീണം ഒന്ന് കുറയുമ്പോൾ)സീസ്സറിയനുശേഷം സ്റ്റിച്ച് വേദന മാറിയതിനു ശേഷവും ആരംഭിക്കുന്ന നടു/വയർ/യോനി മസിലുകൾ ശക്തിപ്പെടുത്താനുള്ള വ്യായാമങ്ങൾ ചെയ്തു തുടങ്ങണം. സിസ്സേറിയനാണെങ്കിൽ യോനിമസിലിനുള്ള വ്യായാമം ആവശ്യമില്ല. തടിയുള്ളവരുടെ നടുവേദനക്കും വ്യായാമം ആവശ്യമായി വരും. ദീർഘനാൾ നീണ്ടുനിൽക്കുന്ന നടുവേദനയാണെങ്കിൽ ഉറപ്പായും ഡോക്ടറെ കാണിക്കണം. എന്നിട്ടേ വ്യായാമമുറകൾ തീരുമാനിക്കാവൂ.

വേദനയെടുത്തു പ്രസവിച്ചാൽ മാത്രമേ കുഞ്ഞിനോട് സ്നേഹം വരൂ എന്ന് മൊഴിയുന്നവരെ വമ്പിച്ച പുച്ഛത്തോടും മൗനത്തോടും അകറ്റിനിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഗർഭിണിയായാൽ ഉടനെ മാതൃത്വം കോരിച്ചൊരിയുന്ന അമ്മമാർ എന്നതൊക്കെ മിഥ്യയാണ്. കുഞ്ഞിനോടുള്ള സ്നേഹം എന്നത് കാലക്രമേണ രൂപമെടുത്തു നമ്മളെ അടിമുടി വരിഞ്ഞുമുറുക്കുന്ന ഒരപരതയാണ് !!!! 🙁
പ്രസവപ്രക്രിയയിലൂടെ കടന്നുപോകുന്ന പലർക്കും ഞെട്ടലും അതിനെ പിന്തുടർന്നുള്ള മാനസികപ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. അതിനെ അഭിമുഖീകരിക്കാനും പ്രസവിച്ച സ്ത്രീയെ അല്ലെങ്കിൽ ഗർഭിണിയെ സഹായിക്കാൻ മാനസികാരോഗ്യകേന്ദ്രങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ ഉണ്ടാവേണ്ടത് ആവശ്യമാണ്. ഗർഭിണികളും പ്രസവശേഷമുള്ളവരും നിർബന്ധമായും ഈ ക്ലിനിക്കുകൾ ഉപയോഗപ്പെടുത്തണമെന്ന് നിഷ്കർഷിക്കുകയും വേണം. പ്രസവത്തോടെ അമ്മയുടെ പരിചരണം പ്രകൃതിചികിത്സാ/നാട്ടുവൈദ്യരീതിയിലുള്ള പ്രസവാനന്തരശാരീരികപീഡനങ്ങൾ ആയിമാത്രമേ ഇന്നും ചുരുങ്ങുന്നുള്ളൂ. കുഞ്ഞുങ്ങളുടെ കുത്തിവെപ്പിനുള്ള ആശുപത്രിസന്ദർശനങ്ങൾക്ക് വേണ്ടി മാത്രമാവരുത് പ്രസവിച്ച സ്ത്രീകളോ ഗർഭിണികളോ വീടിനു പുറത്തിറങ്ങുന്നത്. സ്വന്തം ഉല്ലാസത്തിനും സ്ത്രീകൾ പുറത്തിറങ്ങണം.
സന്ധ്യ കഴിഞ്ഞാൽ ഗർഭിണി പുറത്തിറങ്ങരുത്, വയറിൽ പ്രേതം കയറും എന്ന വിശ്വാസം ഇന്നും നഗരങ്ങളിലടക്കം നിലനിൽക്കുന്നതും വിചിത്രം!

Sanitha Manoharന്റെ പോസ്റ്റിൽ പറയുന്ന സുഹൃത്തിനെ ഉറപ്പായും ഒരു മാനസികരോഗവിദഗ്ധന്റെയടുക്കൽ എത്തിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പ്രസവവേദന കൊണ്ട് പുളഞ്ഞപ്പോൾ ഓപ്പറേഷൻ വേണ്ടെന്നു വെക്കാൻ ഭർത്താവ് നിർബന്ധിതനാകാൻ കാരണമായ മറ്റ് കാര്യങ്ങൾ എന്താണെന്നു കൂടെ അറിയേണ്ടതുണ്ട്. ഓപ്പറേഷൻ ചെയ്തേ തീരൂ എന്ന സാഹചര്യത്തിൽ ദൈവഹിതത്തിനെതിരാണ് ഓപ്പറേഷൻ എന്ന ന്യായം പറഞ്ഞുവെങ്കിൽ മാത്രമേ അയാളെ നമ്മൾ നേരിടേണ്ടതുള്ളൂ. പക്ഷേ വേദന സഹിക്കാൻ പറ്റാത്തത് കൊണ്ട് ഓപ്പറേഷൻ ചെയ്യാമെന്നത് എതിർത്തത് കൊണ്ട് മാത്രമാണ് ഭർത്താവിനെ അവർ വെറുക്കുന്നതെങ്കിൽ, ഡിവോഴ്സ് ആവശ്യപ്പെടുന്നതെങ്കിൽ, കരഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിൽ അവർക്ക് ആദ്യം ലഭ്യമാക്കേണ്ടത് നല്ലൊരു സൈക്ക്യാർട്ടിസ്റ്റിനെയാണ്. അവരെ മാത്രമല്ല, postpartum psychosis (പ്രസവാനന്തരമാനസികപ്രശ്നം) എന്താണെന്നറിയാതെ അവർ ഈ കാണിക്കുന്നതെല്ലാം അഹങ്കാരമാണെന്നു വിശ്വസിക്കുന്ന അവരുടെ ഭർത്താവിനെയും വീട്ടുകാരെയും കൂടെ കൗൺസെല്ലിങ്നു വിധേയമാക്കണം. രോഗം കാരണമാണെന്നു പോലും മനസിലാക്കാതെ വെറുതെ പിണങ്ങിപ്പോകുന്നവരാകരുത് അവർ. പ്രസവാനന്തരമാനസികപ്രശ്നത്തെക്കുറിച്ചെഴുതിയത് കമന്റ്‌ ബോക്സിൽ കൊടുക്കുന്നു.

NB: (reminded by Pinky Krishna’s comment: പ്രസവവേദനകൊണ്ട് അലറിവിളിച്ചവർ ലേബർ റൂമിൽനിന്നു പുറത്തിറങ്ങുമ്പോൾ കുലസ്ത്രീമാരകമൗനം പാലിക്കാതെ സത്യങ്ങൾ സ്വന്തം അനിയത്തിമാരോടെങ്കിലും ഒന്ന് തുറന്നു പറയണം :

Exit mobile version