ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ കൊണ്ട് പാഞ്ഞ് ജനമൈത്രി ബസ്..! രണ്ടാം ജന്മം നല്‍കി ഈ മാലാഖമാര്‍

നെടുങ്കണ്ടം: യാത്രക്കാരോട് കയര്‍ത്തും മോശമായി പെരുമാറിയും ബസ് ജീവനക്കാര്‍ക്ക് ചീത്ത പട്ടമാണ് പലപ്പോഴും ജനങ്ങള്‍ക്കിടയില്‍. എന്നാല്‍ അലര്‍ക്കിടയിലും മാലാഖമാര്‍ ഉണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.

ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാന്‍ ട്രിപ്പ് പാതിവഴിയില്‍ മുടക്കിയാണ് നെടുങ്കണ്ടം ആനക്കല്ല് റൂട്ടിലെ ജനമൈത്രി ബസ് ഓടിയത്.

കഴിഞ്ഞദിവസം രാവിലെ 9.10ന് ആനക്കല്ലില്‍നിന്ന് നെടുങ്കണ്ടത്തേക്ക് പുറപ്പെട്ടതായിരുന്നു നാട്ടുകാരുടെ സ്വന്തം ബസായ ജനമൈത്രി. പെട്ടെന്നാണ് ഒരു യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി സഹയാത്രിക അറിയിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട സ്ത്രീയെ എത്രയുംവേഗം ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള തയാറെടുപ്പായിരുന്നു പിന്നീട്.സ്റ്റോപ്പുകളിലൊന്നും നിര്‍ത്താതെ വേഗത്തില്‍ ബസ് നെടുങ്കണ്ടത്തേക്ക് കുതിച്ചു. വഴിയില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നെങ്കിലും ഡ്രൈവര്‍ രഞ്ജിത്തും കണ്ടക്ടര്‍ ജയിംസും ബസ് നിര്‍ത്താതെ ആശുപത്രിയിലേക്കു പോകുകയായിരുന്നു.

നെടുങ്കണ്ടം കിഴക്കേകവലയില്‍നിന്നും താലൂക്ക് ആശുപത്രിയിലേക്ക് ബസ് കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടായതിനാല്‍ വാഹനം അവിടെനിര്‍ത്തി ഒരു ഒട്ടോയില്‍ നാട്ടുകാരുടെ സഹായത്തോടെ യാത്രക്കാരിയെ ആശുപത്രിയിലേക്ക് അയച്ചു. ശാരീരിക ബുദ്ധിമുട്ടുകളെതുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനായാണ് ആനക്കല്ല് സ്വദേശിനിയായ മംഗലത്ത് പൊന്നമ്മയും ഭര്‍ത്താവും രാവിലെ ജനമൈത്രി ബസില്‍ കയറിയത്. യാത്രയ്ക്കിടെ പൊന്നമ്മയ്ക്ക് നെഞ്ചുവേദന കലശലായി. അടുത്ത സീറ്റിലിരുന്ന സഹയാത്രിക ഇവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ബസ് ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് പൊന്നമ്മ.

ബസ് സര്‍വീസിനുപുറമെ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജനമൈത്രി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ജനമൈത്രി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

Exit mobile version