മാങ്ങയേറുകാരനല്ല; പാവെൽ ഫ്‌ളോറിൻ ഈ കുഞ്ഞുരാജ്യത്തെ ക്രിക്കറ്റ് ഹീറോ

മാഡ്രിഡ്: സോഷ്യൽമീഡിയയിൽ വൈറലായ ആ മാങ്ങയേറ് വീഡിയോ പലരും കണ്ടുകാണും. ഒരു പ്രൊഫഷണൽ മത്സരത്തിനിടയ്ക്ക് തലങ്ങും വിലങ്ങും പന്തെറിഞ്ഞ് ബൗളിങ് തന്ത്രങ്ങളെയെല്ലാം പരിഹസിക്കുന്ന ഒരു താരത്തിന്റെ ബൗളിങ് രീതി. നാടൻ ഭാഷയിൽ പറഞ്ഞാൽ പാടത്തെ കളിയിലെ മാങ്ങയേറ്. ഈ ബൗളിങ് ആകട്ടെ യൂറോപ്യൻ ക്രിക്കറ്റ് ലീഗ് ടി10 പോലെ ഒരു പ്രൊഫഷണലായ ടൂർണമെന്റിനിടയ്ക്കാണ് എന്നതും ശ്രദ്ധേയം. യുവത്വത്തിന്റെ പ്രസരിപ്പ് മങ്ങിയ ഒരു ബൗളർ വന്ന് തീരെ അമേച്വറായ പന്തുകൾ തുടരെ എറിഞ്ഞുകൊണ്ടിരുന്ന വീഡിയോ ക്രിക്കറ്റ് പ്രേമികളെ ആകെ അരിശത്തിലാക്കിയിരുന്നു. ഈ പന്തുകളിലാകട്ടെ ബൗണ്ടറികൾ പറക്കുന്നതും കാണാമായിരുന്നു. വീഡിയോ സോഷ്യൽമീഡിയയിൽ ഹിറ്റായതോടെ ട്രോളന്മാരും മികച്ച അവസരമായി ഏറ്റെടുത്ത് പരിഹാസവുമായി കളത്തിലിറങ്ങി. അങ്ങനെ സോഷ്യൽമീഡിയ ആഘോഷത്തിൽ മുങ്ങുന്നതിനിടെയാണ് പാടത്തെ മാങ്ങയേറ് എന്നൊക്കെ വിമർശിക്കപ്പെട്ട ഈ താരം ഒറ്റരാത്രി കൊണ്ട് ഹീറോ പരിവേഷത്തിലേക്ക് ഉയർന്നത്.

ഫ്രഞ്ച് ക്രിക്കറ്റ് ക്ലബായ ഡ്യൂസിനെതിരെ പന്തെറിഞ്ഞ ഈ താരം ചില്ലറക്കാരനല്ലെന്നതാണ് യാഥാർത്ഥ്യം. ക്രിക്കറ്റെന്ന ഗെയിമിനെ കുറിച്ച് അധികമൊന്നും കേട്ടിട്ടില്ലാത്ത റുമാനിയ എന്ന രാജ്യത്ത് ക്രിക്കറ്റിന്റെ വേരുകൾ ഉറപ്പിക്കാൻ കഷ്ടപ്പെടുന്ന യഥാർത്ഥ ക്രിക്കറ്റ് പ്രേമിയാണ് പാവെൽ ഫ്‌ളോറിൻ എന്ന ഈ ക്രിക്കറ്റർ. റൊമാനിയയിലെ ക്രിക്കറ്റ് ക്ലബായ ക്ലജിന്റെ താരവും ടീമിന്റെ പ്രസിഡന്റുമെക്കെയാണ് ഫ്‌ളോറിൻ. ഈ വിവരം പുറംലോകത്ത് എത്തിയതോടെ ഇതുവരെ പരിഹസിച്ചവരെല്ലാം തെല്ലമ്പരന്നു. ജീവിതത്തിൽ പ്രൊഫഷണലായി ക്രിക്കറ്റിനെ ഏറ്റെടുക്കുകയല്ല ഫ്‌ളോറിൻ ചെയ്തിരിക്കുന്നത്. തന്റെ നാട്ടിൽ ഒരു ക്രിക്കറ്റ് സംസ്‌കാരം വളർത്തിയെടുത്ത് താനിഷ്ടപ്പെടുന്ന ഗെയിമിലേക്ക് താരങ്ങളെ കണ്ടെത്തുകയും ക്ലജ് ക്രിക്കറ്റ് ക്ലബിനായി ഒരു ടീമിനെ തന്നെ വാർത്തെടുക്കുകയുമാണ് അദ്ദേഹം ചെയ്തത്.

ബൗളിങ് ആക്ഷന്റെ കാര്യമൊക്കെ അവിടെ നിൽക്കട്ടെ താരത്തിന്റെ ക്രിക്കറ്റിനോടുള്ള ആത്മസമർപ്പണത്തിനെ ബഹുമാനിക്കുകയാണ് ആദ്യംവേണ്ടതെന്ന പ്രശംസാ വാക്കുകളുമായി ഷെയ്ൻ വോണിനേയും ജോഫ്ര ആർച്ചറേയും പോലുള്ള പ്രമുഖരും രംഗത്തെത്തി.

അതേസമയം, സോഷ്യൽമീഡിയയിൽ ഏറെ ആക്രമണം നേരിട്ടെങ്കിലും തനിക്ക് ഇതിൽ തെല്ലും വിഷമമില്ലെന്നാണ് ഫ്‌ളോറിൻ പറയുന്നത്. തന്റെ ബൗളിങ് മനോഹരമല്ലെന്നും ഫലപ്രദമല്ലെന്നും വിമർശിക്കുന്നവരുണ്ടായേക്കാം, പക്ഷെ താനത് കാര്യമായെടുക്കുന്നില്ല, കാരണം ഞാൻ ക്രിക്കറ്റിനെ അത്രയേറെ ഇഷ്ടപ്പെടുന്നു. ‘എന്റെ ബൗളിങ് മികച്ചതല്ല, വളരെ പതിഞ്ഞതാണെന്ന്’ താരം തന്നെ സ്വയം വിമർശനമായി പറയുന്നുമുണ്ട്.

40 വയസുകാരനായ ഫ്‌ളോറിൻ ക്രിക്കറ്റിനെ കുറിച്ച് കേട്ടറിഞ്ഞ് കളിക്കളത്തിലേക്ക് ഇറങ്ങിയതു തന്നെ 32ാം വയസിലാണ്. ടീമിലെ ഓൾറൗണ്ടറായ ഫ്‌ളോറിന്റെ കരിയറിലെ മികച്ച സ്‌കോർ 36റൺസും ബൗളിങിലെ മികച്ച സ്‌പെൽ ഒരു മത്സരത്തിൽ നേടിയ രണ്ട് വിക്കറ്റുമാണ്.

അതേസമയം, വിമർശനശരങ്ങൾ ഏറ്റുവാങ്ങിയ ഫ്‌ളോറിന്റെ ആ ബൗളിങ് ആക്ഷനുമുണ്ട് ഒരു സങ്കടക്കഥ പറയാൻ. പൊട്ടലുള്ള കാലും വെച്ചാണ് ഫ്‌ളോറിൻ പന്തെറിഞ്ഞത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കാനുള്ള അതിയായ ആഗ്രഹം കാരണം താരം പരിക്കിനിടയിലും കളത്തിലിറങ്ങുകയായിരുന്നു.

ഫ്‌ളോറിന്റെ റുമാനിയ ഉൾപ്പടെ ക്രിക്കറ്റെന്ന ഗെയിമിനെ കുറിച്ച് വലിയ അറിവില്ലാത്ത ഇറ്റലി, ഫ്രാൻസ്,സ്‌പെയിൻ,ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ക്രിക്കറ്റ് ക്ലബുകളാണ് ഈ യൂറോപ്യൻ ടി ടെൻ ടൂർണമെന്റിൽ മാറ്റുരച്ചത്. സ്‌പെയിൻ ആയിരുന്നു ടൂർണമെന്റ് വേദി.

Exit mobile version