ടീമിനു വേണ്ടിയല്ല കളത്തിലിറങ്ങുന്നത്; രാജ്യത്തിന് വേണ്ടി കൂടിയാണെന്ന് രോഹിത് ശര്‍മ്മ; ഇതെന്തിന് ഇവിടെ പറയുന്നതെന്ന് സമൂഹമാധ്യമങ്ങള്‍

അതുകൊണ്ടു തന്നെ താരം ഈ പോസ്റ്റിപ്പോള്‍ എന്തിനാണ് ഇട്ടതെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

ന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത്ത് ശര്‍മ്മയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിക്കുന്നതിനിടെ പുതിയ ട്വീറ്റുമായി രോഹിത് രംഗത്ത്. ‘ഞാനെന്റെ ടീമിനു വേണ്ടി മാത്രമല്ല കളത്തിലിറങ്ങുന്നത്; രാജ്യത്തിനു വേണ്ടിക്കൂടിയാണ്’- രോഹിത് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. ഇതോടെ സംഭവമെന്താണ് എന്ന് പിടികിട്ടാതെ സോഷ്യല്‍മീഡിയയും തലപുകയ്ക്കുകയാണ്. ഗ്യാലറിയിലെ ആരാധകര്‍ക്കു നടുവിലൂടെ ബാറ്റിങ്ങിനിറങ്ങുന്ന തന്റെ ചിത്രത്തിനൊപ്പമുള്ള ഈ വാചകത്തില്‍ സ്‌മൈലികളുടെയോ മറ്റെന്തെങ്കിലും ചിഹ്നങ്ങളുടെയോ അകമ്പടിയുമില്ല. അതുകൊണ്ടു തന്നെ താരം ഈ പോസ്റ്റിപ്പോള്‍ എന്തിനാണ് ഇട്ടതെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

കോഹ്‌ലിയുമായി രോഹിത്തിന് അഭിപ്രായ വ്യത്യാസമുണ്ടെന്ന സംശയം ശക്തമാകുന്നതിനിടെയാണ് ഈ എവിടേയും തൊടാതെയുള്ള ഈ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. വിവാദങ്ങളോടൊക്കെ മൗനം പാലിച്ച രോഹിത്, ഈ ട്വീറ്റിലൂടെ എന്തായിരിക്കും പറയാന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നതാണ് സകലരേയും കുഴക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര കളിക്കാന്‍ ചൊവ്വാഴ്ച യുഎസിലേക്കു പുറപ്പെട്ട ഇന്ത്യന്‍ ടീം അവിടെയെത്തിക്കഴിഞ്ഞ ശേഷമാണ് രോഹിത് ട്വീറ്റ് പോസ്റ്റ് ചെയ്തതെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ട്വീറ്റില്‍ മറഞ്ഞിരിക്കുന്ന ഒന്നും തന്നെയില്ല താനും.

ഇതിനിടെ വാര്‍ത്താസമ്മേളനത്തില്‍ രോഹിത്തുമായി ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വിരാട് കോഹ്‌ലി നിഷേധിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി പുറപ്പെടുന്നതിനു മുന്നോടിയായി നടത്തിയ പതിവു വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലി, രോഹിത്തുമായി പിണക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചത്. കോഹ്‌ലിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പരിശീലകന്‍ രവി ശാസ്ത്രിയും ഇതേ നിലപാടാണ് കൈക്കൊണ്ടത്.

Exit mobile version