ശുദ്ധ മണ്ടത്തരം! കിവീസിനോട് ഐസിസി ചെയ്തത് ക്രൂരത; ലോകകപ്പ് ബൗണ്ടറി എണ്ണി ഇംഗ്ലണ്ടിന് സമ്മാനിച്ചതിൽ വിവാദം കത്തുന്നു

ലോഡ്സ്: മഴ നിയമം എന്നും ക്രിക്കറ്റിനെ വിമർശനങ്ങൾക്ക് വിധേയമാക്കാറുണ്ട്. വിവാദം കത്തുന്ന മഴനിയമത്തിന് പുറമെ ഒട്ടുമിക്ക ക്രിക്കറ്റ് നിയമങ്ങളും ആരാധകർക്കും താരങ്ങൾക്കും അത്ര ദഹിക്കാറില്ല. ഇത്തവണ ലോകകപ്പ് ഫൈനലിലും വിജയിയെ തീരുമാനിച്ചത് വിചിത്രമായ ഐസിസി നിയമത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഇംഗ്ലണ്ടും ന്യൂസിലാൻഡും അനുവദിച്ച സമയത്തിൽ സമനില പാലിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. സൂപ്പർ ഓവറും സമനിലയിലായതോടെ ബൗണ്ടറികളുടെ എണ്ണത്തിൽ മുന്നിൽ നിന്ന ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ആരാധകരും നെറ്റി ചുളിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച ന്യൂസിലാൻഡിനോട് ഐസിസി കാണിച്ചത് ക്രൂരതയാണെന്ന് മുൻതാരങ്ങളും ആരാധകരും ഒരേസ്വരത്തിൽ പറയുന്നു. സോഷ്യൽമീഡിയയിൽ ആരാധക രോഷം കത്തുകയാണ്.

ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ലോഡ്സിൽ ഇംഗ്ലണ്ടും ന്യൂസീലാൻഡും തോൽക്കുകയോ വിജയിക്കുകയോ ചെയ്യാതെ ടൈ ആയ മത്സരത്തിൽ ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചത് അംഗീകരിക്കാൻ ആകില്ലെന്നാണ് ആരാധകർ പറയുന്നത്. സൂപ്പർ ഓവറിന്റെ നിയമം ഇങ്ങനെയൊക്കെ ആണെങ്കിലും ബൗണ്ടറി എണ്ണി മാത്രം ന്യൂസിലൻഡിനേക്കാൾ ഒരു റൺ പോലും അധികം നേടാത്ത ഇംഗ്ലണ്ടിനെ വിജയികളാക്കിയത് അനീതിയാണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയെങ്കിൽ കൂടുതൽ വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായത് എന്തുകൊണ്ട് കണക്കാക്കുന്നില്ലെന്നാണ് ആരാധകർക്ക് അറിയേണ്ടത്. സൂപ്പർ ഓവറിൽ ന്യൂസീലാൻഡ് സിക്സും അടിച്ചിരുന്നു. എന്നിട്ടും നിയമം ബൗണ്ടറി മാത്രം കണക്കാക്കി ഇംഗ്ലണ്ടിനെ തുണക്കുകയായിരുന്നു. ഇംഗ്ലണ്ട് മത്സരത്തിലാകെ 26 തവണ പന്ത് ബൗണ്ടറി ലൈൻ കടത്തിയപ്പോൾ ന്യൂസീലൻഡിന്റെ പേരിലുണ്ടായത് മൂന്ന് സിക്സ് അടക്കം 17 ബൗണ്ടറികൾ.

ആരാധകർ മാത്രമല്ല, മുൻതാരങ്ങളും സൂപ്പർ ഓവർ നിയമത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഡക്ക്വർത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിർണയിക്കുന്നതിൽ പരിഗണിക്കുമ്പോൾ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ഓസീസിന്റെ മുൻ താരം ഡീൻ ജോൺസ് ചൂണ്ടിക്കാട്ടുന്നു.

ക്രൂരത എന്നായിരുന്നു കിവീസിന്റെ മുൻ നായകൻ സ്റ്റീഫൻ ഫ്ളെമിങ്ങിന്റെ ട്വീറ്റ്. ഇത് ദഹിക്കുന്നതല്ലെന്ന് ഇന്ത്യയുടെ മുൻ താരം മുഹമ്മദ് കൈഫും പറയുന്നു. ഐസിസിയുടെ വിഡ്ഢി നിയമം എന്നാണ് ഗൗതം ഗംഭീർ സൂപ്പർ ഓവറിലെ വിജയി നിർണ്ണയത്തെ വിശേഷിപ്പിച്ചത്. കൂടുതൽ എയ്സ് പായിച്ചയാളെ ടെന്നീസിൽ വിജയിയായി പ്രഖ്യാപിക്കുമോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. സൂപ്പർ ഓവറും ടൈ ആയപ്പോൾ കിരീടം പങ്കിടേണ്ടിയിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്.

Exit mobile version