ഫെഡററെ വീഴ്ത്തി വിംബിള്‍ഡണില്‍ മുത്തമിട്ട് ജോക്കോവിച്ച്; കിരീടനേട്ടം തുടര്‍ച്ചയായ രണ്ടാം തവണ

ലണ്ടൻ: വിബിംൾഡണിൽ തുടർച്ചയായ രണ്ടാം തവണയും പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ ജോക്കോവിച്ചിന്റെ 16-ാം കിരീടമാണിത്. സെമിയിൽ നദാലിനെ കീഴടക്കിയെത്തിയ റോജർ ഫെഡററെയാണ് ജോക്കോവിച്ച് കടുത്തപോരാട്ടത്തിൽ തോൽപ്പിച്ചത്. സ്‌കോർ: (7-6, 1-6, 7-6, 4-6, 13-12). ഇതോടെ വിംബിൾഡണിൽ അഞ്ചാം കിരീടനേട്ടവും ജോക്കോവിച്ച് ആഘോഷിച്ചു.

വിംബിൾഡൺ സിംഗിൾസിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലിലായിരുന്നു ജോക്കോവിച്ച്-ഫെഡറർ പോരാട്ടം. ടൈ ബ്രേക്കറുകൾ കൊണ്ട് നിറഞ്ഞ മത്സരത്തിന്റെ ഫലം വന്നപ്പോൾ നാല് മണിക്കൂറും 57 മിനിറ്റും പിന്നിട്ടിരുന്നു. അവസാന നിമിഷം വരെ പോരാടിയ 37-കാരനായ ഫെഡറർ തോറ്റെങ്കിലും കാണികളുടെ ഹൃദയം അദ്ദേഹം കീഴടക്കി. ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം എന്നായിരുന്നു കിരീടം നേടിയ ശേഷം ജോക്കോവിച്ചിന്റെ കമന്റ്.

ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെയാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ശക്തമായി തിരിച്ചുവന്ന് ഫെഡറർ അനായാസം രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റും ടൈബ്രേക്കറിലേക്ക് നീങ്ങിയതോടെ ജോക്കോവിച്ച് ലീഡെടുത്തു. നാലാം സെറ്റിൽ ഫെഡറർ വീണ്ടും തിരിച്ചെത്തി. 6-4 ന് ജോക്കോവിച്ചിനെ മറികടന്ന് ഫെഡറർ നാലാം സെറ്റ് സ്വന്തമാക്കി. അഞ്ചാം സെറ്റിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം പോരാടി. ഗെയിം പോയന്റുകൾ 12-12 ലെത്തിയതോടെ അഞ്ചാം സെറ്റും ടൈബ്രേക്കറിലേക്ക് നീങ്ങി. ടൈ ബ്രേക്കറിൽ ഫെഡററെ 7-3 ന് കീഴടക്കി ജോക്കോവിച്ച് വിംബിൾഡൺ കിരീടത്തിൽ വീണ്ടും മുത്തമിട്ടു.

Exit mobile version