ഫൈനലിലെത്താന്‍ മാത്രം മികച്ച ബാറ്റിങ് ആയിരുന്നില്ല ഇന്ത്യയുടേത്; നിരാശനായി അക്തറും

മാഞ്ചസ്റ്റര്‍: ഫൈനലിലെത്തുമെന്ന് ഉറപ്പിച്ച ടൂര്‍ണമെന്റില്‍ നിന്നും ദയനീയമായി പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. രവീന്ദ്ര ജഡേജയുടെയും എംഎസ് ധോണിയുടെയും ചെറുത്ത് നില്‍പ്പ് ഇന്ത്യയ്ക്ക് ഫൈനലിലേക്ക് എത്താന്‍ സഹായകരമായതുമില്ല. ലോകകപ്പിന്റെ ആദ്യ സെമിയില്‍ ഇന്ത്യയ്‌ക്കെതിരെ 18 റണ്‍സിന്റെ വിജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. വിക്കറ്റുകള്‍ തുടരെ വീഴുന്നതിനിടെ, തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനവുമായാണ് ജഡേജ മടങ്ങിയത്.

ന്യൂസിലാന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. അതേസമയം, ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകളുടെ ഭാരം ധോണിയുടെ ചുമലിലായിരുന്നു. 48-ാം ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിച്ച് ധോണി ഗംഭീരമായ തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ നല്‍കുകയും ചെയ്തു.

എന്നാല്‍, അതേ ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യയെ നിര്‍ഭാഗ്യം തേടിയെത്തി. ഓടി ഡബിള്‍ എടുക്കാനുള്ള ധോണിയുടെ ശ്രമം റണ്‍ഔട്ടിലാണ് അവസാനിച്ചത്. 130 കോടി ജനങ്ങളുടെ പ്രാര്‍ത്ഥന വിഫലമാക്കിയാണ് ധോണിയുടെ ഔട്ട് സംഭവിച്ചത്.

ഇതിനിടെ, ഇന്ത്യയുടെ തോല്‍വിയില്‍ നിരാശ രേഖപ്പെടുത്തി മുന്‍പാകിസ്താന്‍ താരം ശുഐബ് അക്തര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫൈനലില്‍ എത്താന്‍ മാത്രം മികച്ച ബാറ്റിങ് ഇന്ത്യ പുറത്തെടുത്തില്ലെന്ന് അക്തര്‍ വിമര്‍ശിക്കുന്നു. ഒപ്പം മികച്ച പ്രകടനം കാഴ്ചവെച്ച ജഡേജയേയും ധോണിയേയും അക്തര്‍ പ്രശംസിച്ചു.

രവീന്ദ്ര ജഡേജയുടെയും എംഎസ് ധോണിയുടെ ചെറുത്ത് നില്‍പ്പ് ഇന്ത്യയെ കളിയിലേക്ക് മടക്കി കൊണ്ടുവന്നെന്നും, എന്നാല്‍ ഒടുവില്‍ സംഭവിച്ച ഇന്ത്യയുടെ പുറത്താകല്‍ ഏറെ നിരാശയുണര്‍ത്തുന്നുവെന്നും അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.

Exit mobile version