‘മികച്ച പ്രകടനം കൊണ്ട് കുഞ്ഞു കുഞ്ഞു കഷ്ണങ്ങളായി ജഡേജ എന്നെ വലിച്ചുകീറി’; ഒടുവിൽ കുറ്റസമ്മതം നടത്തി സഞ്ജയ് മഞ്ജരേക്കർ; ജഡേജയ്ക്ക് പ്രശംസ

മാഞ്ചസ്റ്റർ: ഓൾഡ് ട്രഫോഡിലെ കളത്തിലും മൈതാനത്തിലും ഇന്ത്യയുടെ കണ്ണീർ വീണെങ്കിലും ഒരുപിടി മികച്ച പ്രകടനങ്ങളും ഇന്ത്യ-ന്യൂസിലാൻഡ് സെമിപോരാട്ടത്തിൽ കാണാനായി. ഇത്രനാളും ടീമിന് പുറത്തിരിക്കേണ്ടി വന്ന രവീന്ദ്ര ജഡേജയുടെ ഒറ്റയാൾ പോരാട്ടം ഇന്നലെ ഇന്ത്യയുടെ തോൽവി ഭാരം തെല്ലൊന്നുമല്ല കുറച്ചത്. ഇതിനിടെ, സെമിയിലെ ജഡേജയുടെ പ്രകടനത്തെ അഭിനന്ദിച്ച് വിമർശകനായ സഞ്ജയ് മഞ്ജരേക്കർ രംഗത്തെത്തിയതും ശ്രദ്ധേയമായി. ജഡേജയെ കളിയാക്കാൻ താൻ ഉപയോഗിച്ച വാക്ക് ഉപയോഗിച്ച് തന്നെയാണ് സഞ്ജയ് അദ്ദേഹത്തെ പ്രശംസിച്ചതും.

‘ചെറു കഷ്ണങ്ങളായി അദ്ദേഹം ഇന്ന് എന്നെ വലിച്ചു കീറിയിരിക്കുകയാണ്. എപ്പോഴും കാണുന്ന ജഡേജയെ അല്ല ഇന്ന് നമ്മൾ കണ്ടത്. അവസാന 40 മത്സരങ്ങളിലെ അദ്ദേഹത്തിന്റെ ഉയർന്ന സ്‌കോർ 33 ആയിരുന്നു. പക്ഷെ ഇന്നദ്ദേഹം സമർത്ഥമായി ബാറ്റ് ചെയ്തു.’- വിലയിരുത്തലിനിടെ സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. ഐസിസിയാണ് വീഡിയോ പുറത്തുവിട്ടത്.

സെമി ഫൈനലിൽ അനായാസ വിജയം പ്രതീക്ഷിച്ച ഇന്ത്യ പക്ഷെ ഓപ്പണിങ് വിക്കറ്റുകളും കോഹ്‌ലി ഉൾപ്പടെയുള്ളവരുടെ വിക്കറ്റുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് കൂടാരത്തിലെത്തിയപ്പോൾ ഇന്നലെ ബാറ്റുകൊണ്ടും ബോള് കൊണ്ടും മികച്ച പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. ലോകകപ്പിൽ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച താരം 59 ബോളിൽ 77 റൺസെടുക്കുകയും ഒരു വിക്കറ്റെടുക്കുകയും ചെയ്തു.

ഇന്ത്യൻ ബാറ്റിങ് നിര തകർന്നപ്പോൾ ധോണിയുമായി ജഡേജ പടുത്തുയർത്തിയ 116 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ആരാധകർക്ക് അവസാന നിമിഷം വരെ പ്രതീക്ഷകൾ നൽകിയത്. നേരത്തെ ഇന്ത്യാ-ഇംഗ്ലണ്ട് കമന്ററിക്കിടെ രവീന്ദ്ര ജഡേജ ഒരു ചെറിയ കളിക്കാരൻമാത്രമാണെന്ന സഞ്ജയ് മഞ്ജരേക്കറിന്റെ അഭിപ്രായ പ്രകടനം വലിയ വിവാദമായിരുന്നു. ഇത്തരം അല്ലറ ചില്ലറ താരങ്ങളെ തനിക്ക് ഇഷ്ടമല്ലെന്നായിരുന്നു മഞ്ജരേക്കർ അന്നു പറഞ്ഞത്.

അതേസമയം, നിങ്ങൾ കരിയറിൽ മൊത്തം കളിച്ച കളികളേക്കാൾ കൂടുതൽ കളികൾ ഞാൻ ഇതിനകം കളിച്ചിട്ടുണ്ട്. ഇപ്പോഴും കളി തുടരുന്നുണ്ടെന്നും ജഡേജ മഞ്ജരേക്കറുടെ വായടപ്പിച്ച് മറുപടിയും നൽകിയിരുന്നു.

Exit mobile version