മാരക്കാനയില്‍ മഞ്ഞപ്പടയ്ക്ക് കിരീടധാരണം; കോപ്പയില്‍ ഒമ്പതാം തവണയും മുത്തമിട്ട് ബ്രസീല്‍; പെറുവിനെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ കിരീടം ചൂടിയത്.

മാരക്കാന: വീണ്ടും കോപ്പ അമേരിക്കയില്‍ മുത്തമിട്ട് ബ്രസീല്‍. ഒമ്പതാം തവണയാണ് ബ്രസീല്‍ കോപ്പ ജേതാക്കളാകുന്നത്. വിശ്വപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ കിരീടം ചൂടിയത്.

കാനറിപ്പടയ്ക്കായി എവര്‍ട്ടന്‍ (15), ഗബ്രിയേല്‍ ജെസ്യൂസ് (45+3), റിച്ചാര്‍ലിസന്‍ (90, പെനല്‍റ്റി) എന്നിവരാണ് ഗോളുകള്‍ നേടിയത്. ക്യാപ്റ്റന്‍ പൗലോ ഗ്യുറെയ്റോയുടെ വകയായിരുന്നു പെറുവിന്റെ ഗോള്‍. ഫൈനല്‍ പോരാട്ടത്തിന്റെ 44ാം മിനിറ്റില്‍ പിറന്ന ഈ ഗോളാണ് ഇക്കുറി കോപ്പയില്‍ ബ്രസീല്‍ വഴങ്ങിയ ഏക ഗോള്‍.

അതേസമയം, നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ബ്രസീല്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായത്. 2007ലായിരുന്നു അവസാനത്തെ കിരീടനേട്ടം. കോപ്പയ്ക്ക് ആതിഥ്യമരുളിയപ്പോഴെല്ലാം കിരീടം നേടിയിട്ടുണ്ടെന്ന ചരിത്രവും ബ്രസീല്‍ ആവര്‍ത്തിച്ചു.

ബ്രസീലിയന്‍ താരം എവര്‍ട്ടനാണ് മൂന്ന് ഗോളുമായി ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോറര്‍. ഗോള്‍ഡന്‍ ഗ്ലൗ ബ്രസീലിന്റെ തന്നെ അലിസന്‍ ബെക്കറും ഫെയര്‍ പ്ലേ പുരസ്‌കാരം ബ്രസീല്‍ നായകന്‍ ഡാനി ആല്‍വ്സും സ്വന്തമാക്കി.

ജെസ്യൂസ് രണ്ടാം മഞ്ഞക്കാര്‍ഡും വാങ്ങി മൈതാനത്തിന് പുറത്തുപോയതിന് ശേഷം അവസാനത്തെ 20 മിനിറ്റ് ബ്രസീല്‍ പത്ത് പേരുമായാണ് കളിച്ചത്. എങ്കിലും ബ്രസീലിനെ കീഴടക്കാന്‍ പെറുവിനായില്ല.

Exit mobile version