സര്‍ഫറാസ് ഇന്നൊരു 500 റണ്‍സടിക്കും! ബംഗ്ലാദേശിനെതിരെ 600 റണ്‍സാണ് ലക്ഷ്യമെന്ന് പ്രസ്താവിച്ച പാകിസ്താന്‍ നായകനെ ട്രോളി സോഷ്യല്‍മീഡിയ

സെമി ഫൈനലില്‍ പ്രവേശിക്കാന്‍ ഇനിയും സാധ്യതയുള്ള പാകിസ്താനാകട്ടെ ആത്മവിശ്വാസത്തില്‍ തന്നെയാണ്.

ലീഡ്‌സ്: ഇന്ന് ലോകകപ്പില്‍ നിര്‍ണ്ണാകമായ മത്സരത്തിന് ഇറങ്ങുന്ന പാകിസ്താനും ബംഗ്ലാദേശും വിജയപ്രതീക്ഷയില്‍. സെമി ഫൈനലില്‍ പ്രവേശിക്കാന്‍ ഇനിയും സാധ്യതയുള്ള പാകിസ്താനാകട്ടെ ആത്മവിശ്വാസത്തില്‍ തന്നെയാണ്. എന്നാല്‍ 316 റണ്‍സിന്റെ മാര്‍ജിനിലെങ്കിലും വിജയിക്കാന്‍ ആയാല്‍ മാത്രമെ പാകിസ്താന് പ്രതീക്ഷകള്‍ക്ക് വകയുള്ളൂ. അപ്രാപ്യമായ മാര്‍ജിനാണെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആത്മവിശ്വാസത്തോടെ തന്നെയാണ് പാക് നായകന്‍ സര്‍ഫറാസ് അഹ്മദ് എത്തിയത്. ടോസ് ലഭിക്കുന്നത് മുതല്‍ ഭാഗ്യം കൂടെ വേണമെന്ന് സര്‍ഫറാസ് പറയുന്നു.

ആദ്യം ബാറ്റ് ചെയ്ത് 500-600 റണ്‍സ് സ്‌കോര്‍ ചെയ്താലെ 316 പോലുള്ള വലിയ മാര്‍ജിനിലെ വിജയം എത്തിപ്പിടിക്കാനാകൂ എന്നാണ് സര്‍ഫറാസ് പറയുന്നത്. ബംഗ്ലാദേശിനെ എളുപ്പത്തില്‍ പുറത്താക്കുകയും ചെയ്യണം.

എന്നാല്‍ പാകിസ്താന്റെ ലക്ഷ്യം 600 റണ്‍സോളമാണെന്ന പാക് നായകന്റെ പ്രസ്താവന സോഷ്യല്‍മീഡിയയില്‍ വലിയ ആഘോഷമായിരിക്കുകയാണ്. വലിയരീതിയിലുള്ള ട്രോള്‍ മഴയാണ് സര്‍ഫറാസിന് നേരെ. പാകിസ്താന്റെ ടോട്ടല്‍ 1000 റണ്‍സായിരിക്കുമെന്നും ഫഖറും ബാബറും ഹാരിസും ഇമാമുമെല്ലാം ഡക്കായി പുറത്താവുകയും സര്‍ഫറാസും ഹഫീസും ചേര്‍ന്ന് 500 റണ്‍സ് വീതം അടിച്ചെടുക്കുമെന്നൊക്കെയാണ് ട്രോളന്മാരുടെ പ്രവചനങ്ങള്‍.

ഇന്നത്തെ മത്സരത്തില്‍ ഫഖറും ബാബറും 400ന് മുകളില്‍ സ്‌കോര്‍ ചെയ്ത് പാകിസ്താന്റെ ടോട്ടല്‍ 952/1 ആയിരിക്കുമെന്നാണ് മറ്റൊരു പ്രവചനം. ഒപ്പം ആമിര്‍ ബംഗ്ലാദേശിന്റെ ആറ് വിക്കറ്റും ഷഹീന്‍ നാല് വിക്കറ്റും വീഴ്ത്തുമെന്നും ഒക്കെ പ്രവചിച്ച് ട്രോളി തകര്‍ക്കുകയാണ് സോഷ്യല്‍മീഡിയ.

അതേസമയം, ടോസ് എങ്കിലും വിജയിക്കാനായാല്‍ പാകിസ്താന് സന്തോഷിക്കാമെന്നാണ് മറ്റൊരു കൂട്ടരുടെ പരിഹാസം. 500 റണ്‍സടിച്ചെടുത്ത് 550 റണ്‍സിന് പാകിസ്താന്‍ ജയിക്കുമെന്നാണ് തന്റെ പ്രവചനമെന്നും ചിലര്‍ പറയുന്നു.

ഏതായാലും ഇതൊന്നും നടക്കില്ലെങ്കിലും ടൂര്‍ണമെന്റ് നല്ലരീതിയില്‍ അവസാനിപ്പിക്കാനാണ് ശ്രമമെന്ന പാകിസ്താന്‍ നായകന്റെ വാക്കുകള്‍ ട്രോളുകള്‍ക്ക് ഇടയില്‍ മുങ്ങിപ്പോയിരിക്കുകയാണ്.

Exit mobile version