ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ! 87ാം വയസിലും ഇന്ത്യയ്ക്കായി ആര്‍പ്പുവിളിച്ചും കോഹ്‌ലിയേയും രോഹിതിനേയും അനുഗ്രഹിച്ചും ഈ ഫാന്‍ മുത്തശ്ശി; സോഷ്യല്‍മീഡിയയില്‍ താരം

7 വയസുള്ള ചാരുലത പട്ടേലാണ് ഇന്നലെ ക്യാമറ കണ്ണുകളേയും ആകര്‍ഷിച്ചത്.

എഡ്ബാസ്റ്റണ്‍: ഇന്ത്യ ബംഗ്ലാദേശിനെ ലോകകപ്പ് മത്സരത്തില്‍ ഇന്നലെ ചുരുട്ടി കെട്ടുമ്പോള്‍ താരമായത് സെഞ്ച്വറിയടിച്ച രോഹിത് ശര്‍മ്മയോ അഞ്ച് വിക്കറ്റെടുത്ത ബംഗ്ലാദേശിന്റെ മുസ്താഫിക്കര്‍ റഹ്മാനോ ആയിരുന്നില്ല. ഗ്യാലറിയിലിരുന്ന് പീപ്പിയൂതിയും ആര്‍പ്പുവിളിച്ചും ഇന്ത്യയെ പ്രോത്സാഹിപ്പിച്ച ആ കുഞ്ഞുമനസുള്ള വലിയ ആരാധികയായിരുന്നു. 87 വയസുള്ള ചാരുലത പട്ടേലാണ് ഇന്നലെ ക്യാമറ കണ്ണുകളേയും ആകര്‍ഷിച്ചത്.

റിഷഭ് പന്തിന്റെ ബൗണ്ടറിക്ക് ആര്‍പ്പുവിളിക്കുമ്പോഴാണ് ചാരുലത മുത്തശ്ശി ആദ്യം സ്‌ക്രീനില്‍ തെളിഞ്ഞത്. പിന്നീട് പലപ്പോഴും ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശമായി ചാരുലത മുത്തശ്ശിയുടെ ആഘോഷ ചിത്രങ്ങളെത്തി. വൈകാതെ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറല്‍ താരമായിരിക്കുകയാണ് ഈ ആരാധിക.

ഈ പ്രായത്തിലും കാഴ്ചവെച്ച ആവേശം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഇന്ത്യ 28 റണ്‍സിന് ബംഗ്ലാ കടുവകളെ തോല്‍പ്പിച്ച് സെമിയിലേക്ക് ചേക്കേറിയതോടെ ഈ ലോകകപ്പ് ഇന്ത്യയ്ക്കുള്ളതാണെന്ന് ഉറപ്പിച്ച് പറയുകയും ചെയ്ത് പ്രവചന സിംഹം കൂടി ആയിരിക്കുകയാണ് മുത്തശ്ശി.

ഇതിനിടെ, മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത്ത് ശര്‍മ്മയും ഈ ആരാധിക മുത്തശ്ശിക്ക് അരികിലെത്തി അനുഗ്രഹം വാങ്ങിക്കുകയും ചെയ്തത് ഇന്ത്യന്‍ ആരാധകര്‍ക്ക് അഭിമാന നിമിഷമായി.

ഈ പ്രായത്തിലും ഇന്ത്യയ്ക്കായി ആവേശത്തോടെ ഗ്യാലറിയിലെത്തിയ ചാരുലത മുത്തശ്ശിയെ അഭിനന്ദിച്ച് കോഹ്‌ലി ട്വിറ്ററിലൂടെ രംഗത്തെത്തുകയും ചെയ്തു.

‘നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ആരാധകരോട് നന്ദിപറയുകയാണ്. പ്രത്യേകിച്ച് ചാരുലത പട്ടേല്‍ ജിയോട്. 87 വയസുള്ള ഇവരാണ് ഞാനിന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും സമര്‍പ്പണമുള്ള ആരാധിക. പ്രായം വെറും സംഖ്യ മാത്രമാണ്. ആവേശമാണ് നമ്മളെ എന്തിനേയും മറികടക്കാന്‍ പ്രേരിപ്പിക്കുന്നത്. അവരുടെ അനുഗ്രഹത്തോടെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്’-കോഹ്‌ലി മുത്തശ്ശിയെ കുറിച്ച് വാചാലനായതിങ്ങനെ.

അതേസമയം, വെറുതെ ഗ്യാലറിയിലേക്ക് ബന്ധുക്കളുടെ കൂടെ വന്ന വെറും ആരാധികയല്ല ഈ മുത്തശ്ശി. പതിറ്റാണ്ടുകളായി ഇന്ത്യയുടെ കടുത്ത ആരാധികയാണ് ഇവര്‍. 1983ല്‍ കപില്‍ ദേവും ടീമും ഇന്ത്യയ്ക്കായി ആദ്യ ലോകകപ്പ് കിരീടം നേടിയപ്പോഴും ഗ്യാലറിയില്‍ താന്‍ സാക്ഷിയായി ഉണ്ടായിരുന്നെന്ന് ചാരുലത മുത്തശ്ശി പറയുന്നു.

‘ഇന്ത്യ ഇത്തവണ ലോകകപ്പ് നേടും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യ വിജയിക്കാനായി ഞാന്‍ ഭഗവാന്‍ ഗണേശനോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിന് തന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും’ -എന്നും മുത്തശ്ശി പറയുന്നു.

അതേസമയം, ഈ പ്രായത്തിലും ഇന്ത്യന്‍ ടീമിനോട് കാണിച്ച ആരാധനയില്‍ ആകൃഷ്ടനായ പ്രമുഖ ബിസിനസുകാരനായ ആനന്ദ് മഹീന്ദ്ര, മുത്തശ്ശിക്ക് അടുത്ത മത്സരത്തിന്റെ ടിക്കറ്റ് ഓഫര്‍ ചെയ്തിട്ടുമുണ്ട്.

Exit mobile version