കണ്ണീരായി സുവാരസിന്റെ പിഴവ്; യുറുഗ്വായ് സെമി കാണാതെ പുറത്തേക്ക്

. അഞ്ച് ഷോട്ടുകളും വലയിലെത്തിച്ച പെറു നാല് ഷോട്ടുകള്‍ മാത്രം വിജയകരമായി പൂര്‍ത്തിയാക്കിയ യുറുഗ്വായ്‌യെ മറികടക്കുകയായിരുന്നു.

സാല്‍വദോര്‍: യുറുഗ്വായ്‌യുടെ എക്കാലത്തേയും മികച്ച താരവും ടോപ് സ്‌കോററുമായ ലൂയിസ് സുവാരസിന്റെ പിഴവില്‍ ടീം കോപ്പ അമേരിക്ക സെമി കാണാതെ പുറത്ത്. 15 തവണ ചാംപ്യന്മാരായ ടീം പെറുവിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് പരാജയപ്പെട്ടാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്.

ഗോള്‍ രഹിതമായ 90 മിനിറ്റുകള്‍ക്കും അധികസമയത്തെ ഗോള്‍ വരള്‍ച്ചയ്ക്കും ശേഷം കടുത്ത പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. അഞ്ച് ഷോട്ടുകളും വലയിലെത്തിച്ച പെറു നാല് ഷോട്ടുകള്‍ മാത്രം വിജയകരമായി പൂര്‍ത്തിയാക്കിയ യുറുഗ്വായ്‌യെ മറികടക്കുകയായിരുന്നു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പെറു ഗോളി പെഡ്രോ ഗലെസിയുടെ നെഞ്ചില്‍ തട്ടി തിരിച്ചുപറന്ന സുവാരസിന്റെ ഷോട്ട് ഒഴികെ എല്ലാ യുറുഗ്വായ് കിക്കുകളും കൃത്യമായി പെറുവിന്റെ വലയിലെത്തിയിരുന്നു. കവാനി, സ്റ്റുവാനി, ബെന്റാങ്കുര്‍, ടൊറെയ്റ എന്നിവര്‍ യുറുഗ്വായ്ക്കായി ലക്ഷ്യം കണ്ടു.

പെറുവിനായി ഗ്യുറേറോ, റുഡിയാസ്, യോടുന്‍, അദ്വിങ്കുല, ഫ്ളോറെസ് എന്നിവരും ഗോള്‍ വലയിലാക്കി.

ഇതിനിടെ, പലപ്പോഴും ടീമിന് രക്ഷകനായി അവതരിച്ചിട്ടുള്ള സുവാരസ് തന്നെ ഇത്തവണ ടീമിന്റെ അന്തകനായപ്പോള്‍ ആരാധകര്‍ക്കും വിശ്വസിക്കാനായില്ല. കണ്ണീരോടെയാണ് സുവാരസ് കളംവിട്ടത്. ഈ നഷ്ടം സുവാരസിനെ അടുത്തകാലത്തൊന്നും വിട്ടുപോകില്ലെന്ന് അദ്ദേഹത്തിന്റെ നിരാശയില്‍ നിന്നും വ്യക്തം.

അതേസമയം, പെറു അയല്‍ക്കാരായ ചിലിയെയാണ് സെമിയില്‍ നേരിടാന്‍ ഒരുങ്ങുന്നത്. ആദ്യ സെമിയില്‍ ആതിഥേയരായ ബ്രസീല്‍ അര്‍ജന്റീനയെയാണ് നേരിടുന്നത്. സൂപ്പര്‍ ക്ലാസിക് പോരാട്ടത്തിനായി ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിപ്പിലാണ്.

Exit mobile version