സച്ചിന്റേയും ലാറയുടേയും റെക്കോര്‍ഡ് തകര്‍ത്ത് കോഹ്‌ലി; അതിവേഗത്തില്‍ 20,000 റണ്‍സ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ 37 റണ്‍സെടുത്തതോടെയാണ് കോഹ്‌ലി റെക്കോര്‍ഡ് സ്വന്തമാക്കിയത്.

മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറിന്റേയും ബ്രയാന്‍ ലാറയുടേയും റെക്കോര്‍ഡ് തകര്‍ത്ത് വിരാട് കോഹ്‌ലി. ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി കോഹ്‌ലി ക്രിക്കറ്റ് ലോകത്തെ വിസ്മയമായിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ 37 റണ്‍സെടുത്തതോടെയാണ് കോഹ്‌ലി റെക്കോര്‍ഡ് സ്വന്തമാക്കിയത്.

417 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. 131 ടെസ്റ്റുകളും 224 ഏകദിനങ്ങളും 62 ട്വന്റി-ട്വന്റിയില്‍ നിന്നുമായാണ് കോഹ്‌ലിയുടെ നേട്ടം. സച്ചിനും ലാറയും 453 ഇന്നിങ്‌സുകളില്‍ നിന്നായാണ് 20,000 റണ്‍സ് തികച്ചത്.

കൂടാതെ ഇന്ത്യന്‍ നായകന്‍ ഏകദിനത്തില്‍ 11,124 റണ്‍സും 6,613 ടെസ്റ്റ് റണ്‍സും 2,263 ട്വന്റി-ട്വന്റി റണ്‍സുമാണ് സ്വന്തമാക്കിയിരിക്കുന്നത്.

നേരത്തെ ഏകദിനത്തില്‍ അതിവേഗത്തില്‍ 11,000 റണ്‍സ് തികച്ച് ഈ ലോകകപ്പിനിടെ തന്നെ സച്ചിന്റെ മറ്റൊരു റെക്കോര്‍ഡും കോഹ്‌ലി തകര്‍ത്തിരുന്നു.

Exit mobile version