പന്ത് കൊണ്ടത് ബാറ്റിലോ? പാഡിലോ? ഉറപ്പില്ലെങ്കിലും ഔട്ട് വിളിച്ച് തേഡ് അംപയര്‍; രോഹിതിന്റെ ഔട്ടില്‍ വിവാദം കത്തുന്നു

പുറത്താകുമ്പോള്‍ 23 പന്തില്‍ 18 റണ്‍സാണ് ഹിറ്റ്മാന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

മാഞ്ചസ്റ്റര്‍: ലോകകപ്പ് ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി ഡിആര്‍എസ് വിവാദം. ഔട്ട് ആണോ അല്ലയോ എന്ന് വ്യക്തമാവാത്ത ഡെലിവെറിയെ ഔട്ട് എന്ന് നിര്‍ണയിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ പുറത്താകലാണ് ആരാധകര്‍ക്ക് വിശ്വസിക്കാനാകാത്തത്. ‘വിവാദ ഔട്ട്’ ഉടനടി തന്നെ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി.

കെമര്‍ റോച്ച് എറിഞ്ഞ ആറാം ഓവറിലെ അവസാന പന്താണ് വിവാദത്തിന് കാരണമായത്. രോഹിത് ശര്‍മ്മയുടെ ഇന്നിങ്‌സ് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. പുറത്താകുമ്പോള്‍ 23 പന്തില്‍ 18 റണ്‍സാണ് ഹിറ്റ്മാന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

ബാറ്റില്‍ തട്ടിയോ ഇല്ലയോ എന്ന് ഉറപ്പിക്കാനാകാത്ത പന്ത് ഹോപ് മനോഹരമായി കൈക്കലാക്കിയെങ്കിലും ഫീല്‍ഡ് അംപയര്‍ ഔട്ട് അനുവദിച്ചില്ല. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസന്‍ ഹോള്‍ഡര്‍ ഡിആര്‍എസ് ആവശ്യപ്പെട്ടു. അള്‍ട്രാ എഡ്ജില്‍ പന്ത് ഉരസിയതായി തെളിഞ്ഞെങ്കിലും ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല. എങ്കിലും തേഡ് അംപയര്‍ ഔട്ട് വിളിച്ചു. അത്ഭുതത്തോടെയാണ് രോഹിത് മൂന്നാം അംപയറുടെ തീരുമാനത്തോട് പ്രതികരിച്ചത്. രോഹിതിന്റെ ഭാര്യയും മത്സരം കണ്ട് പവലിയനിലുണ്ടായിരുന്നു. ഔട്ട് കണ്ട് അമ്പരക്കുന്ന രോഹിത്തിന്റെ ഭാര്യ റിതികയുടെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാവികയാണ്.

Exit mobile version