പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളതെന്ന് മാധ്യമപ്രവര്‍ത്തകന്‍; കിടിലന്‍ മറുപടി നല്‍കി ഹിറ്റ്മാന്‍

മത്സരത്തിലെ താരമായ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്കും ക്രിക്കറ്റ് ലോകത്തിന്റെ ആദരവും ആശംസയും ലഭിച്ചുകൊണ്ടിരിക്കുകയാണ്.

മാഞ്ചസ്റ്റര്‍: ഏഴാമതും ലോകകപ്പ് ക്രിക്കറ്റ് വേദിയില്‍ പാകിസ്താനെ കീഴടക്കിയ വിജയാഘോഷത്തിലാണ് ഇന്ത്യ. മത്സരത്തിലെ താരമായ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്കും ക്രിക്കറ്റ് ലോകത്തിന്റെ ആദരവും ആശംസയും ലഭിച്ചുകൊണ്ടിരിക്കുകയാണ്. സെഞ്ച്വറി പ്രകടനത്തോടെ മത്സരത്തിലെ താരമായി മാറിയ രോഹിത് മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ നല്‍കിയ കിടിലന്‍ മറുപടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് താങ്കള്‍ എന്ത് ഉപദേശമാണ് നല്‍കുക എന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് രോഹിത് നല്‍കിയ മറുപടിയായിരുന്നു രസകരം. ‘പാകിസ്താന്‍ പരിശീലകനാവുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ചോദ്യത്തിന് മറുപടി പറയാം, അല്ലാതെ ഇപ്പോഴെന്ത് പറയാനാണ് എന്നായിരുന്നു രോഹിത്തിന്റെ മറുപടി’. ഈ മറുപടി കേട്ട് പാക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും ചിരിയടക്കാനായില്ല. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പടെ പൊട്ടിച്ചിരിക്കുകയായിരുന്നു.

ഒപ്പം, തന്റെ മകള്‍ ജീവതത്തില്‍ വന്നത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും രോഹിത് പറഞ്ഞു. പാകിസ്താനെതിരെ നേടിയത് തന്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ച്വറിയാണെന്നൊന്നും പറാനാവില്ലെന്നും രാജ്യത്തിനായി കളിക്കുമ്പോള്‍ ഓരോ ഇന്നിംഗ്‌സും പ്രാധാന്യമുള്ളതാണെന്നും ഒരെണ്ണം മാത്രം വിലപ്പെട്ടതെന്ന് വിലയിരുത്താനാവില്ലെന്നും രോഹിത് പറഞ്ഞു.

Exit mobile version