കോപ്പയില്‍ മുത്തമിടാന്‍ ബ്രസീലിന്റെ തുടക്കം ഗംഭീരം; ബൊളീവിയയെ തകര്‍ത്തത് ഏകപക്ഷീയമായ മൂന്ന് ഗോളിന്

ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്.

സാവോ പോളോ: കോപ്പ അമേരിക്കയില്‍ ആദ്യമത്സരത്തില്‍ ആതിഥേരായ ബ്രസീലിന് മിന്നും വിജയം. ഉദ്ഘാടന മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. കളിയുടെ രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. ഫിലിപ്പ് കുടീന്യോ ഇരട്ട ഗോള്‍ നേടി. എവര്‍ട്ടന്റേതായിരുന്നു മൂന്നാം ഗോള്‍. ബൊളീവിയന്‍ താരം ജസ്റ്റീനിയോയുടെ കൈയ്യില്‍ പന്ത് തട്ടിയതോടെ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയാണ് കുടീന്യോ ആതിഥേയര്‍ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്.

രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ ഒരിക്കല്‍ വീണ്ടും വല ചലിപ്പിച്ച് കുടിന്യോ ഡബിള്‍ തികച്ചു. 85-ാം മിനിറ്റില്‍ എവര്‍ട്ടന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ബോക്സിനു വെളിയില്‍ ഇടതുവിങ്ങില്‍നിന്ന് പോസ്റ്റിനു സമാന്തരമായി ബൊളീവിയന്‍ പ്രതിരോധത്തെ ഭേദിച്ച് എത്തിയ എവര്‍ട്ടന്‍ ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് പോസ്റ്റിന്റെ വലതു മൂലയിലെത്തിച്ചാണ് ടീമിന്റെ മൂന്നാം ഗോളും തന്റെ ആദ്യ അന്താരാഷ്ട്ര ഗോളും തികച്ചത്.

സൂപ്പര്‍താരം നെയ്മറില്ലാതെ ഇറങ്ങിയിട്ടുമ ടീം പന്തടക്കത്തിലും പാസിലും ആക്രമണത്തിലും കൃത്യത പുലര്‍ത്തിയതോടെയാണ് ബൊളീവിയയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കാനായത്. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളുമായി കളം നിറഞ്ഞു കളിച്ച ബ്രസീലിനെ ആദ്യ പകുതിയില്‍ വരുതിയില്‍ നിര്‍ത്താനും ബോളിവിയയ്ക്കായി.

Exit mobile version