ഇന്ത്യയുടെ വിക്കറ്റുകള്‍ പിഴുതെടുക്കുമ്പോള്‍ പ്രത്യേക ആഘോഷം സംഘടിപ്പിക്കാന്‍ അനുവദിക്കണം; വിവാദമായി പാകിസ്താന്‍ ടീമിന്റെ ആവശ്യം

ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാനാണ് സര്‍ഫ്രാസിന് പിസിബി നല്‍കിയ നിര്‍ദേശം.

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടമാണ് ചിരവൈരികളായ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. ഈ ക്ലാസിക് പോരാട്ടത്തിനായാണ് ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വെല്ലുവിളികളും ട്രോളുകളുമായി ഇന്ത്യാ-പാക് ആരാധകര്‍ മത്സരം തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലെ സ്റ്റേഡിയത്തിലാണ് കാത്തിരുന്ന പോരാട്ടം നടക്കുന്നത്.

അതേസമയം, ഈ മത്സരത്തിന് മുമ്പ് പാക്‌സിതാന്‍ ടീം മുന്നോട്ട് വെച്ച ആവശ്യം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ജൂണ്‍ 16ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ എടുക്കുമ്പോള്‍ വ്യത്യസ്തമായ ആഘോഷം സംഘടിപ്പിക്കാനുള്ള അനുവാദമാണ് പാക് ക്രിക്കറ്റ് ടീം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് തേടിയത്. പാക് വെബ്‌സൈറ്റായ ‘പാക് പാഷ’ന്റെ എഡിറ്റര്‍ സാജ് സിദ്ധിഖ് ആണ് ടീം നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചതായി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇക്കാര്യം ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ധോണി പട്ടാള ചിഹ്നമുള്ള ഗ്ലൗ ധരിച്ച് കളിക്കാനിറങ്ങിയതിനെ ചൊല്ലി വിവാദം കത്തുന്നതിനിടെയാണ് പാകിസ്താന്‍ ടീമും അടുത്ത വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, സര്‍ഫ്രാസിന്റെ ഈ ആവശ്യം പിസിബി അധികൃതര്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാനാണ് സര്‍ഫ്രാസിന് പിസിബി നല്‍കിയ നിര്‍ദേശം.

അതേസമയം, ‘ബലിദാന്‍ ബാഡ്ജ്’ ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരിക്കുകയാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നു ബിസിസിഐക്ക് ഐസിസി കത്തയച്ചിരിക്കുകയാണ്.

Exit mobile version