മണ്ടത്തരം കാണിച്ച് മടുത്തില്ലേ? ഇനിയെങ്കിലും നിര്‍ത്തിക്കൂടെ..! വിക്കറ്റിന് പിന്നില്‍ വലിയ പിഴവ്; ബംഗ്ലാദേശ് താരം മുഷ്ഫീഖുര്‍ റഹീമിന് ആരാധകരുടെ പൊങ്കാല

ന്യൂസീലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെ 12-ാംഓവറിലാണ് സംഭവം.

ലണ്ടന്‍: വീണ്ടും വിക്കറ്റിന് പിന്നില്‍ പിഴവ് വരുത്തി മികച്ച അവസരം തുലച്ചുകളഞ്ഞ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫീഖുര്‍ റഹീമിന് നേരേ ആരാധകരുടെ പൊങ്കാല. ലോകകപ്പ് പോലുള്ള ശ്രദ്ധേയ മത്സരങ്ങളില്‍ പോലും താരം വരുത്തുന്ന പിഴവുകളേയാണ് ആരാധകര്‍ ട്രോളുന്നത്. ന്യൂസിലാന്‍ഡ് താരത്തിന്റെ അനായാസ റണ്‍ഔട്ട് അവസരം പാഴാക്കിയതാണ് മുഷ്ഫീഖുറിന് വിനയായത്.

ന്യൂസീലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെ 12-ാംഓവറിലാണ് സംഭവം. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ റണ്‍ഔട്ടായെന്ന് സ്റ്റേഡിയത്തിലുളള എല്ലാവരും ഉറപ്പിച്ച നിമിഷത്തില്‍ ബംഗ്ലാദേശ് കീപ്പര്‍ കാണിച്ച മണ്ടത്തരമാണ് എല്ലാം തകര്‍ത്തത്.

ത്രോ മുഷ്ഫീഖുറിന്റെ കൈകളില്‍ എത്തുമ്പോള്‍ അനാവശ്യ റണ്ണിനായി ഓടിയ ന്യൂസിലാന്‍ഡ് നായകന്‍ ക്രീസിന് ഏഴയലത്ത് പോലും ഇല്ലായിരുന്നു. പക്ഷേ, പന്ത് കിട്ടുന്നതിനെ മുമ്പേ സ്റ്റംപ് ഇളക്കി വെയ്ല്‍സ് നിലത്തിട്ട ബംഗ്ല കീപ്പര്‍ സുവര്‍ണ്ണാവസരം നഷ്ടമാക്കി. ഇതോടെ ബംഗ്ലാദേശ് ആരാധകര്‍ ഉള്‍പ്പടെയുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇടഞ്ഞു. മുഷ്ഫീഖുര്‍ മുന്‍പ് വരുത്തിയിട്ടുള്ള പിഴവുകള്‍ ഓര്‍മ്മിപ്പിച്ച് ട്രോളുമായി രംഗത്തെത്തുകയായിരുന്നു ഓരോരുത്തരും.

മുമ്പ് 2016ലെ ലോക ട്വന്റി-ട്വന്റി യില്‍ ഇന്ത്യയ്‌ക്കെതിരെ അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം വേണ്ടപ്പോള്‍ തന്നെ ക്രീസിലുണ്ടായിരുന്ന മുഷ്ഫീഖുര്‍ ആഘോഷം തുടങ്ങുകയും എന്നാല്‍, വിക്കറ്റ് വലിച്ചെറിഞ്ഞ് മുഷ്ഫീഖുറും പിന്നാലെ വന്നവരും മടങ്ങിയപ്പോള്‍ ഇന്ത്യ നാടകീയ ജയം പിടിച്ചെടുക്കുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു. അനാവശ്യ സാഹസവും മണ്ടത്തരവും ഒന്ന് നിര്‍ത്താമോ എന്നാണ് ആരാധകര്‍ മുഷ്ഫീഖുറിനെ ഉപദേശിക്കുന്നത്.

Exit mobile version