ലോകകപ്പ് കളിക്കണോ? എങ്കില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ഐപിഎല്‍ കളിക്കാതെ വിശ്രമിക്കൂ എന്ന് കോഹ്‌ലി; നിര്‍ദേശം തള്ളി രോഹിത്

മുംബൈ: ഇന്ത്യന്‍ ഫാസ്റ്റ്ബൗളര്‍മാര്‍ ഐപിഎല്ലില്‍ കളിക്കാതെ ലോകകപ്പ് മുന്നില്‍ കണ്ട് വിശ്രമമെടുക്കണമെന്ന് നായകന്‍ വിരാട് കോഹ്‌ലിയുടെ നിര്‍ദേശം. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേര്‍സ(സിഒഎ)ുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൂംമ്രയെയും ഭുവനേശ്വര്‍ കുമാറിനെയും പോലുള്ള ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് കോഹ്ലി നിര്‍ദേശിച്ചത്.

ഐപിഎല്‍ കഴിഞ്ഞ് കേവലം 10 ദിവസം കഴിഞ്ഞ് ലോകകപ്പ് ആരംഭിക്കുമെന്നിരിക്കെയാണ് കോഹ്ലിയുടെ നിര്‍ദേശം. ഐപിഎല്‍ കളിക്കാത്ത ബൗളര്‍മാര്‍ക്ക് ബിസിസിഐ കോമ്പന്‍സേഷന്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഐപിഎല്ലിന്റെ തുടക്കത്തിലോ അവസാനമോ കളിച്ച് ബാക്കി വിശ്രമമെടുക്കാമെന്നും നിര്‍ദേശമുണ്ട്. അതേസമയം ബാറ്റസ്മാന്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടില്ല. ഐപിഎല്ലില്‍ കളിക്കുന്നത് ബാറ്റ്‌സ്മാനെ ബാധിക്കില്ലെന്നാണ് കോഹ്‌ലിയുടെ നിരീക്ഷണം.

അതേ സമയം കോഹ്ലിയുടെ നിര്‍ദേശത്തെ തള്ളുന്ന നിലപാടാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ കൈകൊണ്ടിരിക്കുന്നത്. പ്ലേഓഫിലോ ഫൈനലിലോ മുംബൈ ഇന്ത്യന്‍സ് എത്തുകയും ബൂംറയ്ക്ക് ഫിറ്റ്നസുമുണ്ടെങ്കില്‍ കളിപ്പിക്കാതിരിക്കാനാവില്ലെന്ന് രോഹിത് പറഞ്ഞു.

അടുത്തകാലത്ത് കളിച്ച എവേ ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മോശം പ്രകടനം നടന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. സിഒഎ അംഗങ്ങളായ വിനോദ് റായ്, ദിയാന എദുല്‍ജി എന്നിവര്‍ക്കൊപ്പം കോഹ്ലി, രോഹിത്, രഹാനെ, രവിശാസ്ത്രി, സെലക്ടര്‍ എംഎസ്‌കെ പ്രസാദ് എന്നിവരാണ് യോഗെ ചേര്‍ന്നത്.

Exit mobile version