സ്‌പോര്‍ട്‌സ് ഹബ്ബില്‍ അസൗകര്യം; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-ട്വന്റി മത്സരം കാര്യവട്ടത്തല്ല കൊച്ചിയില്‍! ശ്രമങ്ങളുമായി കെസിഎ

സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങളും ആശങ്കയുണ്ടാക്കുന്നെന്ന് കെസിഎ അധികൃതര്‍ പറയുന്നു.

തിരുവനന്തപുരം: ഡിസംബര്‍ രണ്ടിന് നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-ട്വന്റി മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നിന്നും കൊച്ചിയിലേക്ക് മാറ്റാന്‍ ശ്രമം. കാര്യവട്ടത്തെ സ്പോര്‍ട്സ്ഹബ് സ്റ്റേഡിയത്തില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് കാണിച്ചാണ് കെസിഎയുടെ നീക്കം. മത്സരം അനുവദിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനാണെന്നും എവിടെ നടത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം അസോസിയേഷനില്‍ നിഷ്പ്തമാണെന്നും കെസിഎ വാദിക്കുന്നു.

സ്‌പോര്‍ട്‌സ് ഹബ്ബിലെ ഫ്‌ളഡ്‌ലൈറ്റ് സംവിധാനത്തിലെ പോരായ്മ, കോര്‍പ്പറേറ്റ് ബോക്സ് ഒരുക്കുന്നതിലെ സാമ്പത്തിക ബാധ്യത ഇവയാണ് സ്‌റ്റേഡിയം ഉപേക്ഷിക്കാനുള്ള കെസിഎ നീക്കത്തിനു പിന്നിലെ പ്രധാന കാരണങ്ങള്‍. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങളും ആശങ്കയുണ്ടാക്കുന്നെന്ന് കെസിഎ അധികൃതര്‍ പറയുന്നു.

സ്റ്റേഡിയത്തിന്റെ ഉടമസ്ഥത ആര്‍ക്കെന്നുപോലും അറിയില്ലെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ തുക ഇനിയും നല്‍കാനുണ്ട്. എവിടെ മത്സരം നടത്താനും കെസിഎ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനു നടന്ന ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന മത്സരവും കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ വെച്ച് നടത്താന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഐഎസ്എല്‍ ആരാധകരുടെ എതിര്‍പ്പ് ശക്തമായതോടെ മത്സരം തിരുവനന്തപുരത്ത് തന്നെ വെച്ച് നടത്തുകയായിരുന്നു. ഇന്ത്യ-വിന്‍ഡീസ് ട്വന്റി-ട്വന്റി പരമ്പയിലെ രണ്ടാമത്തെ മത്സരമാണ് ബിസിസിഐ കേരളത്തിന് അനുവദിച്ചത്.

Exit mobile version