ബോളര്‍മാര്‍ അധികം വേണ്ടെന്ന് ബിസിസിഐ; നെറ്റ് ബോളര്‍മാരെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും മടക്കി അയയ്ക്കും

ഇവരുടെ സേവനം ആവശ്യമില്ല എന്ന നിലപാടിലാണ് ടീം മാനേജ്മെന്റ്.

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ലോകകപ്പ് മത്സരത്തിന് ദിവസങ്ങള്‍ ശേഷിക്കെ നിര്‍ണ്ണായക തീരുമാനവുമായി ബിസിസിഐ. ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ഇംഗ്ലണ്ടിലുള്ള മൂന്ന് നെറ്റ് ബോളര്‍മാരില്‍ രണ്ടുപേരെ ഉടന്‍ നാട്ടിലേക്ക് മടക്കിയയച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിന് അടുത്തടുത്ത് മത്സരങ്ങള്‍ വരുന്നതിനാല്‍ ഇവരുടെ സേവനം ആവശ്യമില്ല എന്ന നിലപാടിലാണ് ടീം മാനേജ്മെന്റ്.

ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് തന്നെയാണ് പ്രധാനപ്പെട്ട നീക്കമായി നാല് നെറ്റ് ബോളര്‍മാരെ ഇംഗ്ലണ്ടിലേക്ക് അയച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, ആവേശ് ഖാന്‍, നവ്ദീപ് സെയ്നി എന്നിവരെ ബിസിസിഐ സെലക്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഇവരില്‍ മൂന്ന് പേര്‍ മാത്രമാണ് ഇംഗ്ലണ്ടിലേക്ക് ടീം ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നത്. പരിക്കുമൂലം നവ്ദീപ് സെയ്നി ഇന്ത്യന്‍ ടീമിനൊപ്പം ഇതുവരെ ചേര്‍ന്നിട്ടില്ല.

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങള്‍ 12 ദിവസത്തിനിടെയാണ് കളിക്കുന്നത്. വളരെ ആസൂത്രിതമായ പരിശീലനമാകും ഇതിനിടെ ഇന്ത്യന്‍ ടീം നടത്തുക. അതിനാല്‍ അധിക ബോളര്‍മാര്‍ ടീമിനൊപ്പം വേണ്ട എന്നാണ് തീരുമാനത്തിന് പിന്നില്‍.

Exit mobile version