ചെന്നൈയ്ക്ക് ആദ്യ ജയം; പൂണെയെ തകര്‍ത്തത് 4-2ന്

പൂണെ: ഐഎസ്എല്‍ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ക്ക് സീസണിലെ ആദ്യ ജയം. പൂണെയെ 4-2നു തകര്‍ത്താണ് ചെന്നൈ അഞ്ചാം സീസണിലെ ആദ്യവിജയം ഗംഭീരമാക്കിയത്. മലയാളി താരം ആഷിഖ് കുരുണിയന്‍ പൂണെയ്ക്കു വേണ്ടി ആദ്യം ഗോള്‍ നേടിയെങ്കിലും രണ്ടാം പകുതിയിലെ ഉജ്വല പ്രകടനത്തോടെ ചെന്നൈ മല്‍സരം സ്വന്തമാക്കി.

ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മാഴ്‌സലീഞ്ഞോ ചുവപ്പുകാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് പത്തു പേരുമായിട്ടാണ് പൂണെ മല്‍സരം പൂര്‍ത്തിയാക്കിയത്. ഒന്‍പതാം മിനിറ്റില്‍ റോബിന്‍ സിങിന്റെ ക്രോസ് ഫീല്‍ഡ് പാസില്‍ നിന്നായിരുന്നു ആഷിഖിന്റെ ഗോള്‍. ആദ്യ പകുതിയില്‍ കൂടുതല്‍ സമയവും പന്ത് കൈവശം വച്ചെങ്കിലും ചെന്നൈയ്ക്കു ഗോള്‍ തിരിച്ചടിക്കാനായില്ല.

53-ാം മിനിറ്റില്‍ മെയില്‍സണ്‍ ആല്‍വസാണ് ചെന്നൈയുടെ തിരിച്ചുവരവിനു തുടക്കമിട്ടത്. രണ്ടു മിനിറ്റിനകം ഗ്രിഗറി നെല്‍സണ്‍ ലീഡും നല്‍കി. ഇനിഗോ കാല്‍ഡറോണ്‍, തോയ് സിങ് എന്നിവര്‍ ചെന്നൈയുടെ ജയമുറപ്പിച്ച ശേഷമായിരുന്നു പുണെയ്ക്ക് ആശ്വാസമായി ജൊനാതന്‍ വിലയുടെ ഗോള്‍.

Exit mobile version