ഓസ്‌ട്രേലിയ ഇത്തവണ കപ്പടിക്കും; ഫൈനലില്‍ ഇന്ത്യ തോല്‍ക്കും; വ്യത്യസ്ത പ്രവചനവുമായി ഗൗതം ഗംഭീര്‍

രാജ്യമായ ഇന്ത്യയേക്കാള്‍ തന്റെ ഫേവറൈറ്റ് ഓസ്‌ട്രേലിയയാണെന്ന് മുന്‍താരം ഗൗതം ഗംഭീര്‍.

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സ്വന്തം രാജ്യമായ ഇന്ത്യയേക്കാള്‍ തന്റെ ഫേവറൈറ്റ് ഓസ്‌ട്രേലിയയാണെന്ന് മുന്‍താരം ഗൗതം ഗംഭീര്‍. ലോകകപ്പില്‍ രണ്ടു തവണ വിജയം കൈവരിച്ച ഇന്ത്യയ്ക്കും, ആതിഥേയരായ ഇംഗ്ലണ്ടിനും നിരവധിപേര്‍ സാധ്യത കല്‍പ്പിക്കുന്നതിനിടെയാണ് ഗംഭീറിന്റെ വ്യത്യസ്ത നിലപാട്. ഇത്തവണ ഫൈനലില്‍ ഓസ്ട്രേലിയ എന്തായാലും എത്തുമെന്നും എതിരാളിയായി ഇംഗ്ലണ്ടോ ഇന്ത്യയോ ഉണ്ടായേക്കാനാണ് സാധ്യതയെന്നും ഗംഭീര്‍ പ്രവചിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഓസ്‌ട്രേലിയയ്ക്ക് വിലക്ക് മാറി കളത്തിലേക്ക് തിരിച്ചു വന്ന സ്റ്റീവന്‍ സ്മിത്തയും ഡേവിഡ് വാര്‍ണറും കരുത്താകും. അതേസമയം ഇന്ത്യയെ തുണയ്ക്കുക ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരായിരിക്കുമെന്നും രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍,വിരാട് കോഹ്‌ലി എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും ഗംഭീര്‍ പറയുന്നു. ഓപ്പണര്‍മാര്‍ ചേര്‍ത്ത് വെക്കുന്ന റണ്‍സിന്റെ ബലത്തിലായിരിക്കും ഇന്ത്യയുടെ ജയം. ബോളിങില്‍ ഇന്ത്യയുടെ പ്രതീക്ഷ ഭൂംമ്ര, പാണ്ഡ്യ എന്നിവരിലായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

സ്വന്തം മണ്ണില്‍ ലോകകപ്പ് നടക്കുന്നു എന്നതുകൊണ്ടല്ല ഇംഗ്ലണ്ടിന്റെ സാധ്യത താന്‍ പ്രവചിക്കുന്നതെന്നും സ്ഥിരതയാര്‍ന്ന മെച്ചപ്പെട്ട സമീപകാലത്തെ പ്രകടനം ഇംഗ്ലണ്ടിന് കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിരതയുള്ള പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്കായിരിക്കും ഇക്കുറി ലോകകപ്പ് നേടാനാകുക. എല്ലാ ടീമുകളും പരസ്പരം ഒരു തവണ എങ്കിലും മത്സരിക്കും. അതുകൊണ്ടുതന്നെ മത്സരത്തില്‍ ടീമുകള്‍ക്ക് വിശ്രമിക്കാനുള്ള സമയം കുറവായിരിക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി.

Exit mobile version