മില്യണ്‍ തിളക്കത്തില്‍ ലോകകപ്പ്; ഇത്തവണ വിജയിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലം; ഫൈനലില്‍ എത്തിയാലും മതി കോളടിക്കാന്‍!

ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്.

ലണ്ടന്‍: ഇത്തവണത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് പ്രതിഫല തുകയാണ്. ഐസിസി ജേതാക്കള്‍ക്ക് നാല് മില്യണ്‍ യുഎസ് ഡോളറാണ് സമ്മാനത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. കഴിഞ്ഞ തവണ 3.75 മില്യണ്‍ യുഎസ് ഡോളറായിരുന്നു സമ്മാനത്തുക.

ഇത്തവണ റണ്ണറപ്പ് ആകുന്ന ടീമിന് രണ്ട് മില്യണ്‍ യുഎസ് ഡോളറും സമ്മാനത്തുകയായി ലഭിക്കും. സെമി ഫൈനലില്‍ തോല്‍ക്കുന്ന ടീമുകള്‍ക്കും നിരാശ വേണ്ട. കപ്പടിക്കാനായില്ലെങ്കിലും രണ്ട് ടീമിനും 800,000 യുഎസ് ഡോളറാണ് സമ്മാനമായി ലഭിക്കുക. ലീഗ് മത്സരങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 40,000 യുഎസ് ഡോളര്‍ വീതവും കീശയിലാകും. അതേസമയം, കഴിഞ്ഞ ലോകകപ്പിലെ പോലെ തന്നെ ആകെ സമ്മാനത്തുക 10 മില്യണ്‍ യുഎസ് ഡോളറായി തന്നെ ഇത്തവണയും തുടരും.

മെയ് 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് ലോകകപ്പ് നടക്കുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ലോകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

Exit mobile version