ഇംഗ്ലണ്ടിലെ പിച്ചിലെ കുഞ്ഞന്‍ സ്‌കോറുകളൊക്കെ ഇനി പഴങ്കഥ; ലോകകപ്പില്‍ ഇത്തവണ റണ്‍മഴയൊഴുകും; ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയായി പിച്ചുകള്‍!

235-250 സ്‌കോറുകളൊക്കെ വലിയ വിന്നിങ് മാര്‍ജിനുകളായിരുന്ന കാലത്ത് നിന്നും 350ന് സ്‌കോര്‍ ചെയ്താലും വിജയം തേടിപ്പിടിക്കാനെത്താന്‍ സാധിക്കാത്ത സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു ഇപ്പോള്‍.

ലണ്ടന്‍: ഇത്തവണത്തെ ലോകകപ്പിന് 300-400നും ഇടയിലോ 400 റണ്‍സിനു മുകളിലോ റണ്‍സെടുത്ത് ടീമുകള്‍ കരുത്ത് കാണിച്ചേക്കുമെന്ന് വിലയിരുത്തല്‍. റണ്‍ ഒഴുകുന്ന പിച്ചുകളാണ് ഇംഗ്ലണ്ടില്‍ ലോകകപ്പിന് ഒരുങ്ങുന്ന ടീമുകളെ കാത്തിരിക്കുന്നത്. ഇതോടെ, കുറഞ്ഞ വിന്നിങ് ടോട്ടലുകളും ബോളര്‍മാരുടെ അടക്കി വാഴലുമൊന്നും ഇനി ഇംഗ്ലണ്ടിലെ പിച്ചുകളില്‍ പ്രതീക്ഷിക്കേണ്ടെന്ന് സാരം.

സ്വിങ് ബൗളിങ്ങിന്റെ പറുദീസയെന്നൊക്കെ വിശേഷിപ്പിച്ചിരുന്ന ഇംഗ്ലണ്ടിലെ പിച്ചുകള്‍ റണ്ണൊഴുക്കിലേക്ക് മാറുന്ന കാഴ്ചയാണ് കഴിഞ്ഞ മൂന്ന് ഏകദിനങ്ങള്‍ കാണിച്ചുതന്നത്. ഇംഗ്ലണ്ടിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ 235-250 സ്‌കോറുകളൊക്കെ വലിയ വിന്നിങ് മാര്‍ജിനുകളായിരുന്ന കാലത്ത് നിന്നും 350ന് സ്‌കോര്‍ ചെയ്താലും വിജയം തേടിപ്പിടിക്കാനെത്താന്‍ സാധിക്കാത്ത സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു ഇപ്പോള്‍.

2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇംഗ്ലണ്ടില്‍ നിന്നും വരുന്ന സ്‌കോര്‍ ബോര്‍ഡുകള്‍ ആരാധകരെ ത്രസിപ്പിക്കുകയാണ്. ബാറ്റിങ് വെടിക്കെട്ടിന് വേദിയായ ആ പിച്ചുകളിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇത്തവണ ബാറ്റുകളില്‍ നിന്നാകും തീപാറുക, എങ്കിലും ബാറ്റ്‌സ്മാന്‍മാരെ എങ്ങനെ ബോളേഴ്‌സ് നിയന്ത്രിക്കുമെന്നതും ആകാംഷയ്ക്ക് വഴിയൊരുക്കും.

ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചു തകര്‍ക്കുമെന്ന പ്രതീക്ഷയ്ക്ക് കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന മത്സരങ്ങളിലെ ഉയര്‍ന്ന സ്‌കോറാണ്. മൂന്നു കളികളില്‍ നിന്നുമായി ടീമുകള്‍ അടിച്ചെടുത്തത് 2109 റണ്‍സ്! ഇതില്‍ ഇംഗ്ലണ്ട്-പാകിസ്താന്‍ മത്സരങ്ങളാണ് ഏറെ ശ്രദ്ധേയം. ഇരുവരും ഏറ്റുമുട്ടിയ രണ്ടു മത്സരങ്ങളിലും ഇരു ടീമുകളും 350 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തു. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 373 റണ്‍സാണ് ആദ്യമെടുത്തത്. പിന്നാലെ, മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ ഇഞ്ചോടിഞ്ചു പൊരുതിയെങ്കിലും 12 റണ്‍സ് ബാക്കി നില്‍ക്കെ 361 റണ്‍സെടുത്ത് തോറ്റു.

പരമ്പരയിലെ രണ്ടാം മത്സരവും പൊടിപൊടിച്ചു. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് നേടി. എങ്കിലും 36 പന്ത് ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് ഈ സ്‌കോര്‍ മറികടന്നു. ഇതോടെ ആനന്ദചിത്തരായ ആരാധകര്‍ 2019 ക്രിക്കറ്റ് ലോകകപ്പില്‍ യഥേഷ്ടം സിക്സറുകളും ബൗണ്ടറികളും പറക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്.

ബ്രിസ്റ്റോളില്‍ നടന്ന മൂന്നാം ഏകദിനത്തിലാകട്ടെ ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ നല്‍കിയ 359 റണ്‍സ് ലക്ഷ്യം 44.5 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. പാകിസ്താന് വേണ്ടി 151 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്കിന്റെ പ്രകടനത്തെ മറികടക്കുന്ന പ്രകടനം നടത്തി ജോണി ബെയര്‍സ്റ്റോയുടെ മിന്നുന്ന ബാറ്റിങ്ങാണ് പാകിസ്താന്റെ പ്രതീക്ഷകളെ തച്ചുതകര്‍ത്തത്. 159 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇംഗ്ലണ്ട് നേടിയത്.

Exit mobile version