രണ്ടാം മത്സരത്തിലും റഫറി ചതിച്ചാശാനേ…ഐഎസ്എല്ലിലും ‘വാര്‍’ മുറുകുന്നു; വീഡിയോ അസിസ്റ്റന്റ് വേണമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്

സുനില്‍ ഛേത്രി നേടിയ ആദ്യ ഗോളാണ് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും റഫറിയെ വിവാദപുരുഷനാക്കിയത്.

കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും റഫറിമാരുടെ പിഴവ് ചതിച്ചതോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം (വിഎആര്‍/വാര്‍) വേണമെന്ന ആവശ്യവുമായി രംഗത്ത്.

പൂണെ സിറ്റി എഫ്‌സിക്കെതിരായ എവേ മല്‍സരത്തിലും ഇന്നലെ കൊച്ചിയില്‍ ബെംഗളൂരുവിനെതിരെ നടന്ന ഹോം മല്‍സരത്തിലുമാണ് റഫറിമാരുടെ പിഴവ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഇതോടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം (വിഎആര്‍/വാര്‍) ഉപയോഗപ്പെടുത്തണമെന്ന ആവശ്യവുമായി ഡേവിഡ് ജയിംസ് രംഗത്തെത്തിയത്.

ബ്ലാസ്റ്റേഴ്‌സിനെതിരെ ബംഗളൂരുവിനായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ആദ്യ ഗോളാണ് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും റഫറിയെ വിവാദപുരുഷനാക്കിയത്. മിക്കുവിന്റെ പാസ് സ്വീകരിച്ച് ഗോള്‍ നേടിയ ഛേത്രി ഓഫ് സൈഡാണെന്ന് വ്യക്തമായിരുന്നെങ്കിലും റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. പൂണെയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ആദ്യം ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ അനുവദിച്ചും പിന്നീട് തീരുമാനം പിന്‍വലിച്ചും റഫറി വിവാദത്തില്‍ ചാടിയിരുന്നു. പോസ്റ്റിനു മുന്നില്‍ പൂണെ താരം അല്‍ഫാരോ പന്തു കൈകൊണ്ടു തടുത്തെങ്കിലും ബ്ലാസ്റ്റേഴ്‌സിന് അര്‍ഹിച്ച പെനല്‍റ്റി നല്‍കിയുമില്ല.

‘തുടര്‍ച്ചയായി ഒരേ തെറ്റ് ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഏതെങ്കിലും വ്യക്തികളെ കുറ്റപ്പെടുത്താന്‍ ഞാനില്ല. പൂണെയ്‌ക്കെതിരായ മല്‍സരത്തിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റഫറിമാരുടെ തീരുമാനങ്ങളെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ന് ബംഗളൂരുവിനായി ഛേത്രി നേടിയ ഗോളും ഓഫ് സൈഡ് വിളിക്കാതിരുന്നത് എന്നെ അദ്ഭുതപ്പെടുത്തി. ഇത്തരം കാര്യങ്ങള്‍ ഫുട്‌ബോളില്‍ സാധാരണമാണ്. എങ്കിലും തുടര്‍ച്ചയായി പിഴവുകള്‍ സംഭവിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇതുവരെ കളിച്ച ആറു മല്‍സരങ്ങളില്‍ നാലിലും റഫറിമാരുടെ തീരുമാനങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് എതിരായി’ – ജയിംസ് ചൂണ്ടിക്കാട്ടി.

‘ബംഗളൂരു എഫ്‌സിയെപ്പോലെ ശക്തരായ ടീമിനെതിരെ കഠിനാധ്വാനം ചെയ്താലേ ജയിക്കാനാകൂ എന്നതു വ്യക്തമാണ്. അതിനിടെ ഓഫ്‌സൈഡ് നീക്കത്തില്‍നിന്ന് ഗോള്‍ കൂടി അനുവദിച്ചാല്‍ എന്തു ചെയ്യാനാകും? ഇത് ഒരു വ്യക്തിയുടെ പിഴവായി കാണേണ്ടതില്ല. ഇത്തരം അവസരങ്ങളില്‍ വിഎആര്‍ (വാര്‍) മാത്രമാണ് വ്യക്തമായൊരു ഉത്തരം. ബെംഗളൂരുവുമായി നടന്നത് മികച്ചൊരു മല്‍സരമായിരുന്നു. ഇരു ടീമുകളും വിജയത്തിനായി കിണഞ്ഞു പരിശ്രമിച്ചു. മല്‍സരത്തിന്റെ ഭൂരിഭാഗം സമയത്തും നമ്മള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്’ – ജയിംസ് പറഞ്ഞു.

Exit mobile version