ചെന്നൈ സൂപ്പറാ… വീണ്ടുമൊരു മുംബൈ-ചെന്നൈ ഫൈനല്‍

വിശാഖപട്ടണം: ഐപിഎല്ലില്‍ നാലു വര്‍ഷത്തിനുശേഷം വീണ്ടും മുംബൈ ഇന്ത്യന്‍സും-ചെന്നൈ സൂപ്പര്‍ കിങ്സും ഫൈനലില്‍ ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പിച്ചാണ് ചെന്നൈ മുംബൈയ്ക്കെതിരായ കലാശപ്പോരിന് യോഗ്യത നേടിയത്. മെയ് പന്ത്രണ്ടിന് ഹൈദരാബാദിലാണ് ഫൈനല്‍.

കളിച്ച 10 സീസണുകളില്‍ എട്ട് എണ്ണത്തിലും അതിന്റെ ഫൈനലിലേക്ക് യോഗ്യത നേടി, ചെന്നൈയ്ക്ക് ഇത് എട്ടാം ഫൈനലാണ്. കോഴ വിവാദങ്ങളെ തുടര്‍ന്ന് രണ്ട് സീസണുകളില്‍ ടീം കളിച്ചിരുന്നില്ല. ബാക്കി എട്ട് തവണയും ധോണിയുടെ നേതൃത്വത്തിലുള്ള സംഘം ഫൈനലില്‍ കടക്കുകയായിരുന്നു. ഇതില്‍ മൂന്ന് തവണ ടീമിനു കപ്പ് സ്വന്തമാക്കുവാന്‍ സാധിച്ചു.

2015ലാണ് ചെന്നൈയും മുംബൈയും ഏറ്റവും അവസാനമായി ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് മുംബൈയ്ക്കായിരുന്നു ജയം. അതിന് മുന്‍പ് 2013ലും 2010ലും ഇവര്‍ ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.

ഇത്തവണ ഫൈനലില്‍ മുംബൈയ്‌ക്കെതിരെയാണ് ചെന്നൈ കളിയ്ക്കുവാനിറങ്ങുന്നത്. വിജയിക്കുന്ന ടീമിനു കിരീടം നാലാം തവണ സ്വന്തമാകും. ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ഫൈനലില്‍ കീഴടങ്ങിയ ചെന്നൈ 2010, 2011 സീസണുകളില്‍ ചാമ്പ്യന്മാരായി. മുംബൈയെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയുമാണ് ടീം ആ വര്‍ഷങ്ങളില്‍ പരാജയപ്പെടുത്തിയത്.

ടോസ് നേടി ചെന്നൈ ആദ്യം ബാറ്റിങ്ങിന് അയച്ച ഡല്‍ഹിക്ക് ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടാനായത്. ചെന്നൈ ആറ് പന്ത് ശേഷിക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പര്‍ണമാരാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്.

ഡുപ്ലെസി 39 പന്തില്‍ നിന്നും വാട്സണ്‍ 32 പന്തില്‍ നിന്നും 50 റണ്‍സ് നേടി പുറത്തായി. പതിനെട്ട് പന്തില്‍ നിന്ന് 19 റണ്‍സെടുത്ത അമ്പാട്ടി റായിഡുവും ഡ്വെയ്ന്‍ ബ്രാവോയും ചേര്‍ന്നാണ് മത്സരം ഫിനിഷ് ചെയ്തത്. അവസാന പന്ത് അതിര്‍ത്തി കടത്തിയാണ് ബ്രാവോ മത്സരം അവസാനിപ്പിച്ചത്. ഒന്‍പത് പന്തില്‍ നിന്ന് ഒന്‍പത് റണ്‍സെടുത്ത എം.എസ്. ധോനി ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം വേണ്ട സമയത്താണ് ഇശാന്ത് ശര്‍മയുടെ പന്തില്‍ പോളിന് ക്യാച്ച് നല്‍കി മടങ്ങിയത്. സുരേഷ് റെയ്ന 11 റണ്‍സാണ് നേടിയത്.

ഡല്‍ഹിക്കുവേണ്ടി ബൗള്‍ട്ടും അക്സര്‍ പട്ടേലും അമിത് മിശ്രയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും ചെന്നൈ ബൗളിങ്ങിനെ കാര്യമായി പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. 25 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഋഷഭ് പന്താണ് ടോപ് സ്‌കോറര്‍. മണ്‍റോ 24 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു. പൃഥ്വി ഷട്ട അഞ്ചും ശിഖര്‍ ധവാന്‍ പതിനെട്ടും ശ്രേയസ് അയ്യര്‍ പതിമൂന്നും റണ്‍സെടുത്ത് പുറത്തായി. ചെന്നൈയ്ക്കുവേണ്ടി ചാഹര്‍, ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Exit mobile version