സഞ്ജു തകര്‍ത്തടിച്ചു: രാജസ്ഥാന് 7 വിക്കറ്റ് ജയം

ജയ്പൂര്‍: സഞ്ജു സാംസണിന്റെയും ലിവിങ്സ്റ്റണിന്റെയും ബാറ്റിങ് മികവില്‍ രാജസ്ഥാന് ജയം. സണ്‍റൈസേഴ്‌സ് നല്‍കിയ 161 റണ്‍സ് വിജയ ലക്ഷ്യം 5 പന്തുകള്‍ അവശേഷിക്കെ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു.

തങ്ങളുടെ ഈ സീസണിലെ അവസാന ഹോം മത്സരത്തില്‍ പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെ പരീക്ഷിച്ചാണ് രാജസ്ഥാന്‍ ബാറ്റിംഗിനിറങ്ങിയത്. അജിങ്ക്യ രഹാനെയ്‌ക്കൊപ്പം ബാറ്റ് ചെയ്യാനെത്തിയ ലിയാം ലിവിംഗ്സ്റ്റണ്‍ മെല്ലെയാണ് തുടങ്ങിയതെങ്കിലും പിന്നീട് സണ്‍റൈസേഴ്‌സ് ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് പ്രഹരിക്കുന്നതാണ് കണ്ടത്.

റഷീദ് ഖാന്റെ ഓവറില്‍ ലിവിംഗ്സ്റ്റണ്‍ 26 പന്തില്‍ 44 റണ്‍സ് നേടി വിക്കറ്റിനു പിന്നില്‍ സാഹ പിടിച്ച് പുറത്താകുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 9.1 ഓവറില്‍ 78 റണ്‍സാണ് നേടിയത്. എന്നാല്‍ ഏതാനും ഓവറുകള്‍ക്ക് ശേഷം അജിങ്ക്യ രഹാനെയെയും(39) ടീമിനു നഷ്ടമായതോടെ കാര്യങ്ങള്‍ പഴയത് പോലെ കടുപ്പമേറിയതാകുമെന്ന പ്രതീതി കൊണ്ടുവന്നു. ഷാക്കിബിനാണ് രഹാനെയുടെ വിക്കറ്റ്.

സഞ്ജുവും സ്മിത്തും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ രാജസ്ഥാനെ വിജയത്തിനടുത്തേക്ക് കൂടുതല്‍ അടുപ്പിയ്ക്കുകയായിരുന്നു. ഇടയ്ക്ക് വ്യക്തിഗത സ്‌കോര്‍ 30ല്‍ നില്‍ക്കെ സഞ്ജു നല്‍കിയ ക്യാച്ച് റഷീദ് ഖാന്‍ കൈവിട്ടതോടെ മത്സരത്തിലേക്ക് തിരിച്ചുവരുവാനുള്ള സണ്‍റൈസേഴ്‌സിന്റെ അവസരം ടീം കൈവിടുകയായിരുന്നു. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ എട്ട് വിക്കറ്റ് കൈവശമുള്ള രാജസ്ഥാന് ജയത്തിനായി നേടേണ്ടിയിരുന്നത് 29 റണ്‍സ് മാത്രമായിരുന്നു.

തുടര്‍ന്ന് 30 പന്തില്‍ നിന്ന് തങ്ങളുടെ 50 റണ്‍സ് കൂട്ടുകെട്ട് നേടിയ സഞ്ജു-സ്മിത്ത് കൂട്ടുകെട്ട് രാജസ്ഥാന്‍ റോയല്‍സിനെ മുന്നോട്ട് നയിച്ചു. തന്റെ സ്‌പെല്ലിലെ അവസാന പന്തിലാണ് സ്മിത്തിനെ ഖലീല്‍ പുറത്താക്കിയത്. 16 പന്തില്‍ നിന്ന് സ്മിത്ത് 22 റണ്‍സാണ് നേടിയത്. സ്മിത്ത് പുറത്താകുമ്പോള്‍ വിജയത്തിനായി മൂന്നോവറില്‍ നിന്ന് 13 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. 55 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ സഞ്ജു-സ്മിത്ത് കൂട്ടുകെട്ട് നേടിയത്.

സഞ്ജുവിനും ആഷ്ടണ്‍ ടര്‍ണറിനു വലിയ ഷോട്ടുകള്‍ പിന്നീടുള്ള രണ്ടോവറില്‍ നേടുവാന്‍ സാധിക്കാതെ പോയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 4 റണ്‍സായി. ഇന്നിംഗ്‌സിലെ 18, 19 ഓവറില്‍ വെറും 9 റണ്‍സാണ് രാജസ്ഥാന് സണ്‍റൈസേഴ്‌സ് വിട്ട് നല്‍കിയത്. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ ഷാക്കിബിനെ ബൗണ്ടറി കടത്തി സഞ്ജു വിജയം രാജസ്ഥാന് നേടിക്കൊടുത്തു.
32 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ പുറത്താകാതെ നിന്നു

ഇതോടെ പന്ത്രണ്ട് കളികളില്‍ നിന്ന് പത്ത് പോയിന്റുമായി കൊല്‍ക്കത്തയെ മറികടന്ന് ആറാം സ്ഥാനക്കാരായിരിക്കുകയാണ് മുന്‍ ചാമ്പ്യന്മാര്‍. പതിനൊന്ന് കളികളില്‍ നിന്ന് പത്ത് പോയിന്റുള്ള ഹൈദരാബാദ് നാലാമതാണ്.

Exit mobile version