തകര്‍ത്തടിച്ച് വാര്‍ണറും ബെയര്‍സ്റ്റോയും: ഹൈദരാബാദിന് തകര്‍പ്പന്‍ ജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 160 റണ്‍സ് വിജയ ലക്ഷ്യം 5 ഓവര്‍ ബാക്കി നില്‍ക്കേ ഹൈദരാബാദ് മറികടക്കുകയായിരുന്നു.

ഓപ്പണിങ് വിക്കറ്റില്‍ 131 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഡേവിഡ് വാര്‍ണറും ബെയര്‍സ്റ്റോയും ഹൈദരാബാദിന് അനായാസ വിജയമൊരുക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ 38 പന്തില്‍ മൂന്നു ഫോറും അഞ്ചു സിക്സും സഹിതം 67 റണ്‍സ് അടിച്ചു. 43 പന്തില്‍ ഏഴു ഫോറും നാല് സിക്സും സഹിതം 80 റണ്‍സാണ് ബെയര്‍സ്റ്റോ അടിച്ചുകൂട്ടിയത്.

സീസണില്‍ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 51 റണ്‍സെടുത്ത ക്രിസ് ലിന്നിന്റേയും, 30 റണ്‍സെടുത്ത റിങ്കുസിംഗിന്റേയും ബാറ്റിംഗ് മികവിലാണ് 159/8 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 33 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദാണ് ഹൈദരാബാദ് ബോളിംഗില്‍ തിളങ്ങിയത്.

Exit mobile version