സ്ത്രീ വിരുദ്ധ പരാമര്‍ശം; രാഹുലിനും പാണ്ഡ്യയ്ക്കും തിരിച്ചടി; ബിസിസിഐ ലക്ഷങ്ങള്‍ പിഴയിട്ടു; തുക സൈനികര്‍ക്കും ബ്ലൈന്‍ഡ് ക്രിക്കറ്റിനും

മുംബൈ: ടെലിവിഷന്‍ ചാറ്റ് ഷോയില്‍ വെച്ച് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ കെഎല്‍ രാഹുലിനും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും തിരിച്ചടി. ഇരുവര്‍ക്കും ബിസിസിഐ ഓംബുഡ്‌സ്മാന്‍ 20 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു. ജോലിക്കിടെ മരിച്ച 10 അര്‍ധസൈനിക കോണ്‍സ്റ്റബിള്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ഓരോ ലക്ഷം രൂപ വീതവും കാഴ്ച പരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാനായി ബിസിസിഐ രൂപീകരിച്ച ഫണ്ടിലേക്ക് 10 ലക്ഷം രൂപ വീതവും നാലാഴ്ച്ചയ്ക്കകം പിഴയായി അടക്കാനാണ് ഓംബുഡ്സ്മാന്റെ വിധി. നാലാഴ്ച്ചയ്ക്കകം പിഴ അടച്ചില്ലെങ്കില്‍ ഇരുവരുടെയും മാച്ച് ഫീയില്‍ നിന്ന് ഈ തുക ഈടാക്കാന്‍ ബിസിസിഐയോട് ഓംബുഡ്സ്മാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.

സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് തിരിച്ചുവിളിക്കപ്പെട്ടതിനു പിന്നാലെ, ഇരുവര്‍ക്കും 30 ലക്ഷം രൂപ വീതം വരുമാന നഷ്ടമുണ്ടായതായി വിലയിരുത്തിയതിനു ശേഷമാണ് ഓംബുഡ്സ്മാന്‍ താരങ്ങള്‍ക്ക് പിഴ വിധിച്ചത്. ക്രിക്കറ്റ് താരങ്ങള്‍ രാജ്യത്തിന് മാതൃകയാവേണ്ടവരാണെന്നും അതിനാലാണ് പിഴ ശിക്ഷ വിധിക്കുന്നതെന്നും ഓംബുഡ്‌സ്മാന്‍ വ്യക്തമാക്കി. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവരും നിരുപാധികം മാപ്പു പറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ അച്ചടക്ക നടപടികളിലേക്ക് കടക്കേണ്ടെന്നും ഓംബുഡ്‌സ്മാന്‍ വ്യക്തമാക്കി.

നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദ്ദിക് കരണ്‍ ജോഹറുടെ ചാറ്റ് ഷോയില്‍ പറഞ്ഞിരുന്നു. ഹാര്‍ദ്ദിക്കിനൊപ്പം പരിപാടിയില്‍ പങ്കെടുത്ത കെഎല്‍ രാഹുല്‍, തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യമാണ് തുറന്ന് പറഞ്ഞത്.

Exit mobile version