പാണ്ഡ്യ ബ്രദേഴ്‌സിന്റെ വെടിക്കെട്ട്: ഡല്‍ഹിയ്ക്ക് 169 റണ്‍സ് വിജയലക്ഷ്യം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുംബൈ ഇന്ത്യന്‍സിനെതിരെ
169 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. പുറത്താകാതെ 37 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍.

ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡി കോക്കും തമ്മിലുള്ള ഓപ്പണിങ് ജോഡി 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 22 പന്തില്‍ 30 റണ്‍സ് നേടിയ രോഹിതിനെ പുറത്താക്കി അമിത് മിശ്ര ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ക്രീസിലെത്തിയ കട്ടിങ്ങിന് രണ്ട് റണ്‍സേ കൂട്ടിച്ചേര്‍ക്കാനായുള്ളു. പിന്നാലെ 27 പന്തില്‍ 35 റണ്‍സടിച്ച ഡികോക്കും പുറത്തായി.

സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സിന് വേഗം കുറവായിരുന്നു. 27 പന്തു നേരിട്ടാണ് താരം 26 റണ്‍സ് നേടിയത്. ക്വിന്റണ്‍ ഡി കോക്ക് 35 റണ്‍സ് നേടി റണ്ണൗട്ടാവുകയായിരുന്നു.

ഒടുവില്‍ ക്രുനാല്‍ പാണ്ഡ്യയും ഹാര്‍ദിക് പാണ്ഡ്യയും നടത്തിയ വെടിക്കെട്ടാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. ഹാര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 32 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ 26 പന്തില്‍ 37 റണ്‍സുമായി പുറത്താവാതെ നിന്നു. ഡല്‍ഹിക്ക് വേണ്ടി കഗിസോ റബാഡ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

നിലവില്‍ എട്ടു മത്സരങ്ങളില്‍ പത്ത് പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് മൂന്നാം സ്ഥാനത്താണ്. എട്ടു മത്സരങ്ങളില്‍ ഇതേ പോയിന്റുള്ള ഡല്‍ഹി രണ്ടാമതാണ്.

Exit mobile version