വിലക്കിന്റെ കാലം കഴിഞ്ഞ് വാര്‍ണറും സ്മിത്തും; ഓസ്‌ട്രേലിയന്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ചു

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് വിലക്ക് ലഭിച്ച മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ സ്റ്റീവ് സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും വീണ്ടും അന്താരാഷ്ട്ര കളിക്കളത്തിലേക്ക്. ഓസ്‌ട്രേലിയ പ്രഖ്യാപിച്ച 2019 ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമില്‍ സ്മിത്തും വാര്‍ണറും ഇടംപിടിച്ചു. 2018ല്‍ ലഭിച്ച ഒരു വര്‍ഷത്തെ വിലക്കിന് പിന്നാലെ ഐപിഎല്ലില്‍ കളിക്കുന്ന ഇരു താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

ലോകോത്തര താരങ്ങളായ ഇരുവരുടേയും തിരിച്ചുവരവ് സന്തുഷ്ടി നല്‍കുന്നെന്ന് ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച ഓസ്‌ട്രേലിയന്‍ ടീം സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ട്രെവര്‍ ഹോഹ്ന്‍സ് പ്രതികരിച്ചു.

നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടൂര്‍ണമെന്റിനിടെയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നാണക്കേടായ പന്ത് ചുരണ്ടല്‍ വിവാദം നടന്നത്.

സ്മിത്തിനും വാര്‍ണര്‍ക്കുമൊപ്പം വിലക്ക് ലഭിച്ച ബാന്‍കോഫ്റ്റ് ഒമ്പത് മാസത്തെ വിലക്കിനു ശേഷം ടീമിനൊപ്പം ചേര്‍ന്നിരുന്നു.
ലോകകപ്പില്‍ ജൂണ്‍ ഒന്നിന് ബ്രിസ്‌റ്റോളില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം.

ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്:

ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), ഉസ്മാന്‍ ഖ്വാജ,ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്,ഷോണ്‍ മാര്‍ഷ്,ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്,അലക്‌സ് കാരെയ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ജ്യേ റിച്ചാര്‍ഡ്‌സണ്‍, നഥാന്‍ കോട്‌ലര്‍-നീല്‍, ജേയ്‌സണ്‍ ബെഹ്ന്‍ഡ്രോഫ്, നഥാന്‍ ലിയോണ്‍,ആഡം സാംപ

Exit mobile version