കാര്‍ത്തിക് ഇന്‍, പന്ത് ഔട്ട്! നാലാമനെ കുറിച്ച് ഇനി ടെന്‍ഷനില്ല; ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കിനെയും ഓള്‍ റൗണ്ടറായി വിജയ് ശങ്കറിനെയും ഉള്‍പ്പെടുത്തി.

മുംബൈ: അടുത്തമാസം ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകനായി വിരാട് കോഹ്‌ലി തുടരും. രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കിനെയും ഓള്‍ റൗണ്ടറായി വിജയ് ശങ്കറിനെയും ഉള്‍പ്പെടുത്തി. എന്നാല്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഋഷഭ് പന്ത്, അമ്പാട്ടി റായ്ഡു എന്നിവരെ ഒഴിവാക്കി. റിസര്‍വ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.

നാല് ഓള്‍ റൗണ്ടര്‍മാരും മൂന്ന് പേസര്‍മാരും രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും ഉള്‍പ്പെട്ടതാണ് ടീം. ഷമി, ഭുവനേശ്വര്‍ കുമാര്‍, ബൂംറ എന്നിവരാണ് പേസര്‍മാര്‍. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, എന്നിവരാണ് സ്പിന്നര്‍മാര്‍. ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, വിജയ് ശങ്കര്‍ എന്നിവരാണ് ടീമിലുള്ളത്.

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, ലോകേഷ് രാഹുല്‍, കേദാര്‍ ജാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബൂംറ, വിജയ് ശങ്കര്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ.

Exit mobile version