നായകന്മാരുടെ പോരാട്ടത്തില്‍ രോഹിതിന് വിജയം; സ്വന്തം തട്ടകത്തില്‍ ചെന്നൈയെ 37 റണ്‍സിന് കീഴടക്കി മുംബൈക്ക് നൂറാം ജയം!

മുംബൈ: സ്വന്തം തട്ടകമായ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ രോഹിത് ശര്‍മ്മയ്ക്കും കൂട്ടര്‍ക്കും വിജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 37 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയത്. ഐപിഎല്‍ 2019 സീസണിലെ ആദ്യ തോല്‍വിയാണ് ചെന്നൈയുടേത്. മുംബൈയുടെ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. അവസാന ഓവറില്‍ ബ്രാവോയെ പഞ്ഞിക്കിട്ട് ഹാര്‍ദ്ദിക്ക് നേടിയ 25 റണ്‍സ് മികവ് ഈ ഐപിഎല്ലിലെ തന്നെ ഏറ്റവും ത്രസിപ്പിക്കുന്ന കാഴ്ചയായി. അതേസമയം, മൂന്ന് തുടര്‍ ജയങ്ങള്‍ക്കൊടുവില്‍ ചെന്നൈക്കേറ്റ പ്രഹരത്തില്‍ നായകന്‍ ധോണി നിരാശ പ്രകടിപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ 133 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. മുംബൈക്കായ് മൂന്ന് നിര്‍ണായകമായ വിക്കറ്റുകളും ഹാര്‍ദ്ദിക്ക് പാണ്ഡ്യ വീഴ്ത്തി. മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവ് 59(43), ക്രുണാല്‍ പാണ്ഡ്യ 42(32) റണ്‍സ് നേടി.

ചെന്നൈയ്ക്കായി കേദാര്‍ ജാദവ് (58) മാത്രമാണ് പോരാട്ടവീര്യം കാഴ്ചവെച്ചത്. സുരേഷ് റെയ്‌ന (16), എംഎസ് ധോണി(12), ശ്രദ്ധുല്‍ ഠാക്കൂര്‍(12) എന്നിവരാണ് ചെന്നൈയ്ക്കായി രണ്ടക്കം കടന്നത്. ഐപിഎല്ലില്‍ 100 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇതോടെ മുംബൈ സ്വന്തമാക്കി.

Exit mobile version