ആ രണ്ട് പോയിന്റ് വേണ്ടാന്ന് വെയ്ക്കണം; ആരാധകര്‍ ഒപ്പം നില്‍ക്കും; പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന് വീണ്ടും ഗൗതം ഗംഭീര്‍

ദുബായ്: പാകിസ്താനെതിരായ മത്സരങ്ങളില്‍ നിന്നെല്ലാം ഇന്ത്യ വിട്ടുനില്‍ക്കണമെന്ന് ഇന്ത്യയുടെ മുന്‍താരം ഗൗതം ഗംഭീര്‍ വീണ്ടും ആവശ്യപ്പെട്ടു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതിലൂടെ ലോകകപ്പിലെ രണ്ട് പോയിന്റ് നഷ്ടമായാല്‍ പ്രശ്നമാക്കേണ്ട കാര്യമില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

ജൂണ്‍ പതിനാറിനാണ് പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ലോകകപ്പ് മത്സരം. ഇന്ത്യ ഈ മത്സരം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ നോക്കൗട്ട് റൗണ്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആരാധകര്‍ പിന്തുണ നല്‍കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. ടീമിനെ ആരും ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തരുത്. രാജ്യം മുഴുവന്‍ ടീമിന് പിന്നില്‍ അണിനിരക്കമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് മാത്രമല്ല, ഏഷ്യാ കപ്പും ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ഗംഭീര്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയത്തെ ചില ഘട്ടങ്ങളില്‍ കായികത്തിന് മുകളില്‍ നിര്‍ത്തേണ്ട സാഹചര്യം ഉണ്ടാകും. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരോടുള്ള സ്നേഹത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല. പാകിസ്താനെതിരെ നിബന്ധനകളോടെയുള്ള ബഹിഷ്‌കരണമല്ല, നമ്മള്‍ പാകിസ്താനെതിരെ കളിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.

Exit mobile version