ലോകകപ്പില്‍ നിന്നും പാകിസ്താനെ ഒഴിവാക്കാനാകില്ല; ക്രിക്കറ്റിനെ കുറിച്ച് മാത്രമെ ചര്‍ച്ച ചെയ്യൂവെന്ന് ഐസിസി; ബിസിസിഐയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പാകിസ്താനെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ ആവശ്യം നിരാകരിക്കുന്ന നിലപാടെടുത്ത് ഐസിസി. ക്രിക്കറ്റിനെ കുറിച്ച് മാത്രമെ ചര്‍ച്ച ചെയ്യൂവെന്ന് ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കി.

പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെ ലോകകപ്പില്‍ നിന്ന് വിലക്കണമെന്ന് ബിസിസിഐ അംഗങ്ങള്‍ക്കിടയില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. അതേസമയം പാകിസ്താനുമായുള്ള മത്സരം ഒഴിവാക്കുന്ന കാര്യത്തില്‍ ബിസിസിഐ ഇടക്കാല ഭരണസമിതി തീരുമാനമെടുത്തിരുന്നില്ല. ജൂണ്‍ 16നാണ് ഇന്ത്യയും പാകിസ്താനും തമ്മിലെ മത്സരം.

പാകിസ്ഥാനെ ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുപ്പിക്കരുതെന്ന് ഔദ്യോഗികമായി ആവശ്യമുന്നയിക്കാന്‍ ബിസിസിഐ മുതിരുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. മുന്‍താരങ്ങളായ ഗാംഗുലിയും ഹര്‍ഭജനുമടക്കമുള്ള താരങ്ങള്‍ പാകിസ്താനെ കളിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇന്ത്യാ-പാക് മത്സരം നടക്കുക തന്നെ വേണമെന്ന നിലപാടാണ് സുനില്‍ ഗവാസ്‌കറും സച്ചിന്‍ തെണ്ടുല്‍ക്കറും കൈക്കൊണ്ടത്.

Exit mobile version