‘ലോകകപ്പിനേക്കാള്‍ പ്രാധാന്യമാണ് അദ്ദേഹത്തിന് ആ രണ്ട് പോയിന്റ്’; പാകിസ്താനെതിരായ മത്സരം ഉപേക്ഷിക്കരുതെന്ന സച്ചിന്റെ നിലപാടിനെ തള്ളി ഗാംഗുലി

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കനക്കുന്നു. പാകിസ്താനെതിരെ ഇന്ത്യ കളിക്കേണ്ടതില്ലെന്ന തന്റെ നിലപാട് ആവര്‍ത്തിച്ച് സൗരവ് ഗാംഗുലി രംഗത്ത്. ഒപ്പം ഇന്ത്യ മത്സരിക്കാതെ വെറുതെ രണ്ട് പോയിന്റ് പാഴാക്കരുതെന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ നിലപാടിനെയും ഗാംഗുലി തള്ളിക്കളഞ്ഞു. നേരത്തെ ഗാംഗുലി പാകിസ്താനെതിരെ ഇന്ത്യ മത്സരിക്കേണ്ടെന്ന നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിച്ച് പാകിസ്താനെ തോല്‍പ്പിക്കണമെന്നും എന്തിന് രണ്ടു പോയിന്റ് വെറുതെ പാകിസ്താന് നല്‍കണമെന്നും ചോദിച്ചത്. ഇതിന് മറുപടിയുമായാണ് ഗാംഗുലിയുടെ രംഗത്തെത്തിയത്.

ലോകകപ്പ് നേടുന്നതിനേക്കാള്‍ അദേഹത്തിന് പ്രാധാന്യം കളിക്കാതിരുന്നാല്‍ നഷ്ടമാകുന്ന രണ്ടു പോയിന്റാണ്. തനിക്ക് വേണ്ടത് ലോകകപ്പാണ് എന്നായിരുന്നു ഗാംഗുലിയുടെ മറുപടി നല്‍കിയത്.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യത്തെ തള്ളിയാണ് സച്ചിന്‍ നിലപാട് വ്യക്തമാക്കിയത്. ലോകകപ്പ് വേദികളില്‍ എക്കാലവും പാകിസ്താന് മേല്‍ ആധിപത്യമുള്ള ടീമാണ് ഇന്ത്യ. ഇന്ത്യ മത്സരത്തില്‍ നിന്ന് പിന്മാറുന്നതിലൂടെ പാകിസ്താന് രണ്ട് പോയിന്റ് സൗജന്യമായി ലഭിക്കുന്നത് കാണാന്‍ താല്‍പര്യമില്ലെന്നും സച്ചില്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്തിന്റെ തീരുമാനത്തിനൊപ്പമാണെന്ന് വിഷയത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കിയിരുന്നു. ബിസിസിഐയും കേന്ദ്രസര്‍ക്കാരും എന്ത് തീരുമാനിക്കുന്നോ, ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ബഹുമാനിക്കുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

Exit mobile version