ലോകകപ്പില്‍ ഇന്ത്യ പാകിസ്താനുമായി കളിച്ചേക്കില്ല; കേന്ദ്രത്തിന്റെ നിര്‍ദേശത്തിനായുള്ള കാത്തിരിപ്പില്‍ ക്രിക്കറ്റ് ലോകം!

ന്യൂഡല്‍ഹി: വെറും ദിനങ്ങള്‍ക്കുള്ളില്‍ വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ-പാകിസ്താന്‍ മത്സരത്തെ സംബന്ധിച്ച് ആശങ്കകള്‍ പുകയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യത്തിലെത്തി നില്‍ക്കെ ടൂര്‍ണമെന്റിലെ ഇന്ത്യ-പാക് മത്സരത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്നാണ് രാജ്യത്തിന്റെ വികാരം. അതേസമയം, മത്സരക്രമത്തില്‍ മാറ്റമൊന്നും വരുത്തില്ലെന്നും ഇന്ത്യ-പാക് മത്സരം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ഐസിസി മേധാവി ഡേവ് റിച്ചാര്‍ഡ്‌സണ്‍ അറിയിക്കുകയും ചെയ്തു.

എങ്കിലും, കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ഉപേക്ഷിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘കുറച്ചു സമയം കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ അവസ്ഥ മാറിയേക്കും. എന്നാല്‍ ഒരു ഘട്ടത്തില്‍ ഞങ്ങള്‍ കളിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍, തീര്‍ച്ചയായും ഞങ്ങള്‍ കളിക്കില്ല. അതില്‍ ഐസിസിക്ക് ഒന്നും ചെയ്യാനില്ല. എന്നാല്‍ പ്രാഥമിക റൗണ്ട് മല്‍സരം അവിടെ നില്‍ക്കട്ടെ. സെമി ഫൈനലിലോ ഫൈനലിലോ പാകിസ്താന്‍ എതിരാളികളായി വന്നാല്‍ കളിക്കാതെ തന്നെ അവര്‍ വിജയിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഐസിസിയെ സമീപിച്ചിട്ടില്ല’ എന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയെന്ന ആവശ്യം ബിസിസിഐ ഉന്നയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡും മൗനം പാലിക്കുകയാണ്. അടുത്തയാഴ്ച ദുബായിയില്‍ നടക്കുന്ന ഐസിസിയുടെ യോഗത്തില്‍ ഇരു ബോര്‍ഡുകളുടെയും പ്രതിനിധികള്‍ നിലപാട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 16-ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡിലാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം.

Exit mobile version