ട്വന്റി-ട്വന്റി കിരീടം ന്യൂസിലാന്‍ഡിന്! മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് റണ്‍സ് തോല്‍വി

ഹാമില്‍ട്ടണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ട്വന്റി-ട്വന്റി മത്സരത്തില്‍ ന്യൂസിലാന്‍ഡിന് നാല് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 212 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ 208 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ന്യൂസിലന്‍ഡ് സ്വന്തമാക്കി.

ഓപ്പണര്‍ കോളിന്‍ മണ്‍റോയുടെ വെടിക്കെട്ടായിരുന്നു ആതിഥേയര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 40 പന്തില്‍ അഞ്ച് വീതം കൂറ്റന്‍ സിക്‌സും ഫോറുമടിച്ച് മണ്‍റോ 72 റണ്‍സെടുത്തു. ടിം സൈഫേര്‍ട്ട് 25 പന്തില്‍ 43 റണ്‍സുമെടുത്തു.

അതേസമയം മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. സ്‌കോര്‍ ആറില്‍ എത്തി നില്‍ക്കെ ധവാനെ സാന്റ്‌നര്‍ മടക്കിയയച്ചു. ശേഷം ഒത്തുചേര്‍ന്ന വിജയ് ശങ്കര്‍-രോഹിത് ശര്‍മ്മ കൂട്ടുകെട്ട് കൂറ്റനടികളോടെ എതിരാളികളെ നേരിട്ടപ്പോള്‍ ഇന്ത്യക്ക് ജീവന്‍ വെച്ചു. ശങ്കര്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും പായിച്ചു.

ഋഷബ് പന്ത് അടിയോടു കൂടി തുടങ്ങിയെങ്കിലും പെട്ടെന്ന് കെട്ടടങ്ങി. മൂന്ന് കൂറ്റന്‍ സിക്‌സറുകളടക്കം 28 റണ്‍സെടുത്ത് പന്ത് സ്‌കോറിന് വേഗം കൂട്ടുന്നതിനിടെ ടിക്‌നറുടെ വിദഗ്ധമായൊരു ഫുള്‍ടോസില്‍ നായകന്‍ വില്യംസണ് ക്യാച്ച് നല്‍കി മടങ്ങി. രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, എംഎസ് ധോണി(2)എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തെങ്കിലും ദിനേശ് കാര്‍ത്തികും ക്രുണാല്‍ പാണ്ഡ്യയും ഇന്ത്യയെ കരകയറ്റാന്‍ ശ്രമിച്ചു. അവസാന ഓവറുകളില്‍ ഇരുവരും തകര്‍ത്തടിച്ചെങ്കിലും ജയിപ്പിക്കാനായില്ല.

ക്രുണാല്‍ 13 പന്തില്‍ 26 റണ്‍സെടുത്തപ്പോള്‍ കാര്‍ത്തിക് 16 പന്തില്‍ 33 റണ്‍സ് നേടി. ഒടുവില്‍ നാല് റണ്‍സ് തോല്‍വിയോടെ ഇന്ത്യ ട്വന്റി-ട്വന്റി കിരീടം ന്യൂസിലാന്‍ഡിന് മുന്നില്‍ അടിയറ വെച്ചു.

Exit mobile version