ഇന്ത്യ ട്രാക്കില്‍ തിരിച്ചെത്തി; രണ്ടാം ട്വന്റി-ട്വന്റിയില്‍ ന്യൂസിലാന്‍ഡിനെ പിടിച്ചുകെട്ടി; 159 റണ്‍സ് വിജയലക്ഷ്യം

പഴയ താരനിരയുംകൊണ്ട് പുതിയ കളി പുറത്തെടുത്ത് ഇന്ത്യ.

ഓക്ലന്‍ഡ്: പഴയ താരനിരയുംകൊണ്ട് പുതിയ കളി പുറത്തെടുത്ത് ഇന്ത്യ. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-ട്വന്റിയില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം. ഓക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഒരിക്കല്‍കൂടി ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സെടുത്തത്. ട്വന്റി-ട്വന്റിയിലെ ആദ്യ അര്‍ധസെഞ്ചുറി കുറിച്ച കോളിന്‍ ഗ്രാന്‍ഡ്‌ഹോമാണ് (28 പന്തില്‍ 50) കിവീസിന്റെ ടോപ് സ്‌കോറര്‍.

ന്യൂസീലാന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ ബോളറുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇതില്‍ 18 റണ്‍സും പാണ്ഡ്യയുടെ നാലാം ഓവറില്‍ ഗ്രാന്‍ഡ്‌ഹോം അടിച്ചെടുത്തതാണ്.

50 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയ ന്യൂസീലാന്‍ഡിന്, അഞ്ചാം വിക്കറ്റില്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോം-റോസ് ടെയ്ലര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 7.5 ഓവര്‍ ക്രീസില്‍ നിന്ന ഈ സഖ്യം 77 റണ്‍സാണ് കിവീസ് സ്‌കോര്‍ബോര്‍ഡിലേക്ക് സംഭാവന നല്‍കിയത്. 27 പന്തില്‍ ഒരു ബൗണ്ടറിയും നാലു സിക്‌സും സഹിതം 50 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമിനെ രോഹിത്തിന്റെ കൈകളിലെത്തിച്ച് ഹാര്‍ദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്.

36 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 42 റണ്‍സെടുത്ത ടെയ്ലര്‍ റണ്ണൗട്ടായി. തുടക്കത്തിലും അവസാന ഓവറുകളിലും ഇന്ത്യന്‍ ബോളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞതാണ് ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ നിഷേധിച്ചത്.

ഇന്ത്യയ്ക്കായി ക്രുനാല്‍ പാണ്ഡ്യ മൂന്നും ഖലീല്‍ അഹമ്മദ് രണ്ടും, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Exit mobile version