‘ഭാര്യമാരും കാമുകിമാരും ബന്ധുക്കളുടെ നിരയും’; ബിസിസിഐയ്ക്ക് തലവേദനയായി താരങ്ങളുടെ ഒപ്പം പര്യടനത്തിനെത്തുന്ന പരിവാരങ്ങള്‍! ലോകകപ്പ് സമയത്ത് വരാനിരിക്കുന്നത് വന്‍പ്രതിസന്ധി!

ന്യൂഡല്‍ഹി: വിദേശപര്യടനങ്ങളില്‍ ഭാര്യമാരെയും മക്കളെയും കാമുകിമാരെയും ഒപ്പം കൂട്ടിയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ യാത്ര ബിസിസിഐയ്ക്ക് വലിയ പ്രതിസന്ധിയാകുന്നെന്ന് സൂചന. ആഴ്ചകളും മാസങ്ങളും നീളുന്ന വിദേശ പരമ്പരകളില്‍ രണ്ടാഴ്ചത്തേക്ക് കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാന്‍ താരങ്ങള്‍ക്ക് അനുവാദമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഭാര്യമാരെയും മക്കളെയും അവരെ നോക്കാനുള്ളവരും ഒക്കെയായുള്ള താരങ്ങളുടെ യാത്രയാണ് പ്രയാസം സൃഷ്ടിക്കുന്നത്.

പ്രശ്‌നം സാമ്പത്തികമല്ലെന്നാണു വിവരം. കാരണം, താരങ്ങള്‍ക്കൊപ്പമെത്തുന്ന കുടുംബാംഗങ്ങളുടെ ചെലവെല്ലാം അവര്‍ തന്നെയാണ് വഹിക്കുന്നത്. മറിച്ച്, താരങ്ങളുടെ പരിശീലനവും യാത്രകളും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളിലാണ് വെല്ലുവിളി. താരങ്ങളുടെ യാത്രയും പരിശീലനവുമെല്ലാം യഥാവിധം ക്രമീകരിക്കുന്നതില്‍ ബിസിസിഐ പ്രതിസന്ധി നേരിടുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ താരങ്ങള്‍, കോച്ചിങ് സ്റ്റാഫ്, താരങ്ങളുടെയും കോച്ചിങ് സ്റ്റാഫിന്റെയും കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് നാല്‍പതോളം പേര്‍ക്കാണ് ബിസിസിഐ സൗകര്യങ്ങളൊരുക്കേണ്ടി വന്നത്. ഓസ്‌ട്രേലിയയില്‍ രണ്ടു ബസുകള്‍ വാടകയ്‌ക്കെടുത്തായിരുന്നു എല്ലാവരുടെയും യാത്രയ്ക്ക് ബിസിസിഐ സൗകര്യമൊരുക്കിയത്.

വിദേശപര്യടനങ്ങളില്‍ ഭാര്യമാരെയും കാമുകിമാരെയും ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്ന് വിരാട് കോഹ്‌ലിയുടെ അഭ്യര്‍ത്ഥന മുഖവിലയ്‌ക്കെടുത്താണ് വിദേശപര്യടനങ്ങളില്‍ ആദ്യത്തെ പത്തു ദിവസങ്ങള്‍ക്കുശേഷം ഭാര്യമാരെയും ഒപ്പം കൂട്ടാന്‍ ബിസിസിഐ താരങ്ങള്‍ക്ക് അനുവാദം നല്‍കിയത്. എന്നാല്‍ ഇക്കകഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നീണ്ട ബന്ധുനിരയായി പുതുമുഖ താരങ്ങള്‍ വരെ വിദേശ പര്യടനത്തിന് എത്തിയതോടെ ഇവരുടെ മത്സര ടിക്കറ്റുകള്‍ക്കും താമസ-യാത്രാ സൗകര്യങ്ങള്‍ക്കും ബിസിസിഐ വട്ടംകറങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

‘ടിക്കറ്റ് ബുക്കു ചെയ്യുന്നതു മുതല്‍ എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നത് ബിസിസിഐയുടെ ചുമതലയാണ്. വളരെ കുറച്ച് അംഗങ്ങളുള്ള സംഘത്തോടൊപ്പമാണ് താരങ്ങളുടെ യാത്രയെങ്കില്‍ ക്രമീകരണങ്ങള്‍ എളുപ്പമാണ്. മേയ് മാസം ആരംഭിക്കുന്ന ലോകകപ്പിന്റെ സമയത്തും കുടുംബാംഗങ്ങളോടൊത്താണ് താരങ്ങളുടെ യാത്രയെങ്കില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വലിയ തലവേദന തന്നെയായിരിക്കും’ – ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version