14ാം ഓവറില്‍ വിജയം തൊട്ട് ന്യൂസിലാന്‍ഡ്; എട്ട് വിക്കറ്റ് ജയത്തോടെ ഇന്ത്യയ്ക്ക് മറുപടി

ഇന്ത്യയെ തകര്‍ത്തെറിഞ്ഞ ന്യൂസിലാന്‍ഡിന് കേവലം 14.4 ഓവറില്‍ വിജയം.

ഹാമില്‍ട്ടണ്‍: നാലാം ഏകദിനത്തില്‍ ഇന്ത്യയെ തകര്‍ത്തെറിഞ്ഞ ന്യൂസിലാന്‍ഡിന് കേവലം 14.4 ഓവറില്‍ വിജയം. ആതിഥേയര്‍ എട്ട് വിക്കറ്റിനാണ് വിജയം തൊട്ടത്. 92 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലാന്‍ഡ് 15 ഓവര്‍ പൂര്‍ത്തിയാകാന്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

നിക്കോളാസും ടെയ്ലറും തകര്‍ത്തു കളിച്ച മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് ന്യൂസിലാന്‍ഡ് അനായാസ ജയം സ്വന്തമാക്കിയത്. ടെയ്ലര്‍ 37 ഉം നിക്കോളസ് 30 ഉം റണ്‍സും എടുത്തു.

നേരത്തെ 40 റണ്‍സ് എടുക്കുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേതടക്കം ഏഴ് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇരുന്നൂറാം ഏകദിനം കളിക്കാനിറങ്ങിയ രോഹിത് 23 പന്തില്‍ ഏഴ് റണ്‍സെടുത്താണ് പുറത്തായത്.

ശിഖര്‍ ധവാന്‍ 20 പന്തില്‍ 13 റണ്ണെടുത്ത് പുറത്തായപ്പോള്‍ ഏകദിനമത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ശുഭ്മാന്‍ ഗില്ലിന് 9 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അമ്പാട്ടി റായുഡുവും ദിനേശ് കാര്‍ത്തിക്കും സംപൂജ്യരായി മടങ്ങിയപ്പോള്‍ കേദാര്‍ ജാദവും ഭുവനേശ്വര്‍ കുമാറും ഒരു റണ്ണെടുത്ത് മടങ്ങി. 18 റണ്‍സെടുത്ത ചാഹലാണ് ടോപ് സ്‌കോറര്‍.

10 ഓവറില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ വേരറുത്തത്. കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം മൂന്ന് വിക്കറ്റും വീഴ്ത്തി. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര ഇന്ത്യ ഉറപ്പാക്കിയിരുന്നു. എങ്കിലും ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യ നേരിട്ട കനത്ത പരാജയം ടീമിനെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് ഉറപ്പ്.

Exit mobile version