ഇന്ത്യയുടെ അഭിമാനത്തെ എറിഞ്ഞ് തകര്‍ത്ത് ന്യൂസിലാന്‍ഡ്; 92 റണ്‍സിന് പുറത്ത്; രണ്ടക്കം കടക്കാതെ ഏഴുപേര്‍; 18 റണ്‍സെടുത്ത ചാഹല്‍ ‘ടോപ് സ്‌കോറര്‍’

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായി ഹാമില്‍ട്ടണ്‍.

ഹാമില്‍ട്ടണ്‍: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായി ഹാമില്‍ട്ടണ്‍. കാലങ്ങള്‍ കഴിഞ്ഞാലും ഇന്ത്യയ്ക്ക് എന്നും നിരാശയോടെ ഓര്‍ക്കാനാകുന്ന തരത്തില്‍ നാണംകെടുത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്. നാലാം ഏകദിനത്തില്‍ 30.5 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടായി ഇന്ത്യയ്ക്ക് അവിശ്വസനീയ തകര്‍ച്ച. ലോകകപ്പ് ലക്ഷ്യം വെച്ച് വന്‍കുതിപ്പ് തുടര്‍ന്ന ഇന്ത്യയുടെ ആത്മാഭിമാനം പോലും നഷ്ടപ്പെടുത്തുന്ന തരത്തിലാണ് 92 റണ്‍സിന് ഇന്ത്യയെ പുറത്താക്കി ആതിഥേയര്‍ അത്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നത്. പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക്, വന്‍ തകര്‍ച്ചയാണ് നേരിട്ടത്.

10 ഓവറില്‍ നാലു മെയ്ഡന്‍ ഉള്‍പ്പെടെ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത പേസ് ബോളര്‍ ട്രെന്റ് ബൗള്‍ട്ടിന്റെ അസാധ്യ പ്രകടനമാണ് ഹാമില്‍ട്ടണില്‍ ന്യൂസീലന്‍ഡിന് അപ്രതീക്ഷിത മേല്‍ക്കൈ സമ്മാനിച്ചത്.

ഓപ്പണര്‍മാരുള്‍പ്പടെ മുഴുവന്‍ ബാറ്റ്‌സ്മാന്‍മാരും നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യയ്ക്കായി 18 റണ്‍സ് നേടിയ ബോളര്‍ യുവസ്വേന്ദ്ര ചാഹലാണ് ടോപ് സ്‌കോറര്‍. രണ്ട് പേര്‍ക്ക് റണ്‍സ് കണ്ടെത്താനായില്ല. ഏഴുപേര്‍ പുറത്തായത് രണ്ടക്കം കടക്കാനാകാതെ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആറാം ഓവറില്‍ തന്നെ ശിഖര്‍ ധവാനെ(13)നഷ്ടപ്പെട്ടു. പിന്നാലെ 200ാം ഏകദിനം കളിക്കുന്ന നായകന്‍ രോഹിത് ശര്‍മ്മ ബോള്‍ട്ടിന്റെ പന്തില്‍ ക്യാച്ച് നല്‍കി (7) ക്രീസ് വിട്ടു. പിന്നീട് കളത്തിലെ സന്ദര്‍ശകര്‍ മാത്രമായി മാറുകയായിരുന്നു ഇന്ത്യയ്ക്കായി ബാറ്റേന്തിയവര്‍ ഓരോരുത്തരും. ആരും ഉറച്ചു നിന്നില്ല.

അക്കൗണ്ട് തുറക്കും മുമ്പ് അമ്പാട്ടി റായിഡുവിനെ ഗ്രാന്ദ്‌ഹോം മടക്കിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന്റേയും അവസ്ഥ ഇതു തന്നെയായിരുന്നു. അരങ്ങേറ്റ താരം ശുഭ്മാന്‍ ഗില്ലും അവസരം മുതലെടുത്തില്ല. 21 പന്തില്‍ ഒമ്പത് റണ്‍സടിച്ച ഗില്ലിനെ ബോള്‍ട്ട് പുറത്താക്കി. കേദര്‍ ജാദവും ഭുവനേശ്വര്‍ കുമാറും ഓരോ റണ്‍ വീതം നേടി ക്രീസ് വിട്ടു. യഥാക്രമം ബോള്‍ട്ടിനും ഗ്രാന്ദ്‌ഹോമിനുമാണ് വിക്കറ്റ്. ഇതോടെ ഇന്ത്യ ഏഴു വിക്കറ്റിന് 40 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി.

ബൗൾട്ടിന്റെ ഒൻപതാം ഓവറിൽ മൂന്നു ബൗണ്ടറികൾ നേടി ഹാർദിക് പാണ്ഡ്യ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അടുത്ത വരവിൽ അതിന്റെ കേടും ബൗൾ‌ട്ട് തീർത്തു. 20 പന്തിൽ 16 റൺസുമായി ഹാർദിക്കും പുറത്ത്. ഇതോടെ എട്ടു വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലായി ഇന്ത്യ.

പിന്നീട്, 33 പന്തിൽ ഒരു ബൗണ്ടറി സഹിതം 15 റൺസെടുത്താണ് കുൽദീപ് മടങ്ങിയത്. ഏകദിനത്തിലെ ഉയർന്ന സ്കോർ കണ്ടെത്തിയ ചാഹൽ 18 റൺസുമായി പുറത്താകാതെ നിന്നെങ്കിലും അഞ്ചു റൺസെടുത്ത ഖലീൽ അഹമ്മദിനെ മടക്കി നീഷാം ഇന്ത്യൻ ഇന്നിങ്സിന് തിരശീലയിട്ടു.

Exit mobile version