വംശീയാധിക്ഷേപത്തില്‍ മാപ്പ് പറച്ചില്‍ ഏറ്റില്ല; പാകിസ്താന്‍ നായകന് മത്സരങ്ങളില്‍ വിലക്ക്

സര്‍ഫ്രാസ് അഹമ്മദിന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്.

കേപ്ടൗണ്‍: പാകിസ്താന്‍ ക്രിക്കറ്റ് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെഹ്ലുക്വായോയ്‌ക്കെതിരെ നടത്തിയ വംശീയാധിക്ഷേപമാണ് പാകിസ്താന്‍ നായകനെതിരായ നടപടിയ്ക്ക് കാരണമായത്. ഐസിസിയുടെ ആന്റി-റേസിസം കോഡിന്റെ ലംഘനത്തെത്തുടര്‍ന്നാണ് നടപടി.

സംഭവം വിവാദമായതിനെ പിന്നാലെ, സര്‍ഫ്രാസ് പിന്നീട് മാപ്പപേക്ഷിച്ചു രംഗത്തെത്തിയിരുന്നു. ഫെഹ്ലുക്വായോയും ദക്ഷിണാഫ്രിക്കയും താരത്തോട് ക്ഷമിച്ചുവെന്ന് പറഞ്ഞുവെങ്കിലും മാച്ച് റഫറി നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു.

ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളും ട്വന്റി-ട്വന്റി മത്സരത്തിലെ രണ്ട് മത്സരങ്ങളുമാണ് സര്‍ഫ്രാസിനു നഷ്ടമാകുക. സര്‍ഫ്രാസിന്റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ഷൊയ്ബ് മാലിക് ആണ് പാകിസ്താനെ നയിക്കുന്നത്.

Exit mobile version