ഫൈനലില്‍ കാലിടറി ബജ്‌റംഗ് പൂനിയ; ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെള്ളി

ലോകഗുസ്തി ചാംപ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് ബജ്രംഗിന് സ്വന്തമായി.

ബുഡാപെസ്റ്റ്: ഹംഗറിയില്‍ നടക്കുന്ന ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന്‍ പട്ടം കൈയ്യകലത്ത് നഷ്ടപ്പെട്ട് ഇന്ത്യന്‍ താരം ബജ്രംഗ് പൂനിയ. ഫൈനലില്‍ ജപ്പാന്റെ തകുടോ ഓതോഗുറയോട് 9-16 ന് പരാജയപ്പെട്ട് പൂനിയയ്ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

എങ്കിലും ലോകഗുസ്തി ചാംപ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് ബജ്രംഗിന് സ്വന്തമായി. 2013ല്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ പൂനിയ വെങ്കലം നേടിയിരുന്നു. ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയിലെ സ്വര്‍ണ ജേതാവ് കൂടിയാണ് ബജ്രംഗ്.

‘ഫൈനലിലെത്തിയപ്പോള്‍ സ്വര്‍ണ്ണമെഡല്‍ നേടണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടാം സ്ഥാനം ലഭിച്ചതില്‍ സംതൃപ്തനാണ്. അഞ്ചു വര്‍ഷം മുമ്പ് നേടിയ വെങ്കലമെഡലില്‍ നിന്നും മെച്ചപ്പെടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്’ പൂനിയ പറഞ്ഞു.

സെമിഫൈനലില്‍ ക്യൂബയുടെ അലഹാന്‍ഡ്രോ വാള്‍ഡേഡ് തോബിയാറിനെയാണ് പുനിയ പരാജയപ്പെടുത്തിയിരുന്നത്. നേരത്തെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പൂനിയ 5-3 ന് മംഗോളിയന്‍ താരമായ തുല്‍ഗ തുമറിനെ തോല്‍പ്പിച്ചിരുന്നു.

2010ല്‍ മോസ്‌ക്കോയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ സുശീല്‍കുമാറാണ് തന്റെ മാതൃകയെന്നും അദ്ദേഹത്തെ പോലെ സ്വര്‍ണ്ണം നേടാന്‍ ആഗ്രഹിക്കുന്നുവെന്നും മത്സരത്തിന് മുമ്പ് പൂനിയ പറഞ്ഞിരുന്നു.

Exit mobile version