വനിതാ ക്രിക്കറ്റിലും നേപ്പിയറില്‍ കിവീസ് ദുരന്തം; ഒമ്പത് വിക്കറ്റിന് ന്യൂസിലാന്‍ഡിനെ മുട്ടുകുത്തിച്ചു; മന്ദാനയ്ക്ക് സെഞ്ച്വറി

2021 ലോകകപ്പ് യോഗ്യത നിര്‍ണ്ണയിക്കുന്ന ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് മികച്ച വിജയം.

നേപ്പിയര്‍: 2021 ലോകകപ്പ് യോഗ്യത നിര്‍ണ്ണയിക്കുന്ന ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് മികച്ച വിജയം. ഇന്ത്യ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ സെഞ്ച്വറി മികവില്‍ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 192 റണ്‍സിന് പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ മന്ദാനയും റോഡിഗ്രസും ചേര്‍ന്നുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 190 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വിജയത്തിന് തൊട്ടടുത്ത് വെച്ച് 105 റണ്‍സെടുത്ത മന്ദാന പുറത്താകുകയായിരുന്നു. റോഡിഗ്രസ് 81 റണ്‍സുമായി പുറത്താകാതെ നിന്നു. മന്ദാനയ്ക്ക് ശേഷം ക്രീസിലെത്തിയ ദീപ്തി ശര്‍മ്മയ്ക്ക് ഒറ്റ പന്തും നേരിടേണ്ടി വന്നില്ല.

വനിതാ ക്രിക്കറ്റില്‍ നാലാമത്തെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് മന്ദാന-റോഡിഗ്രസ് സഖ്യം കുറിച്ചത്. മന്ദാനയുടെ നാലാം ഏകദിന സെഞ്ച്വറിയാണ് നേപ്പിയറിലേത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് മികച്ച തുടക്കത്തിന് ശേഷം തകര്‍ന്നടിയുകയായിരുന്നു. 36 റണ്‍സെടുത്ത സൂസി ബേറ്റ്സും 28 റണ്‍സെടുത്ത സോഫി ദേവിനും ഭേദപ്പെട്ട തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയത്.

ഇന്ത്യയ്ക്കായി പൂനം യാദവും ഏക്താ ബിഷ്തും 3 വിക്കറ്റ് നേടിയപ്പോള്‍ ദീപ്തി ശര്‍മ്മ രണ്ട് വിക്കറ്റെടുത്തു.

Exit mobile version