ചരിത്ര സെമിയില്‍ കേരളത്തിന് ദയനീയ തുടക്കം; 106 റണ്‍സിന് എറിഞ്ഞിട്ട് ഉമേഷ് യാദവ്

ഞ്ജി ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി സെമി ഫൈനല്‍ കളിക്കുന്ന കേരളത്തെ വിടാതെ പിന്തുടര്‍ന്ന് ദുര്‍ഭാഗ്യം.

വയനാട്: രഞ്ജി ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി സെമി ഫൈനല്‍ കളിക്കുന്ന കേരളത്തെ വിടാതെ പിന്തുടര്‍ന്ന് ദുര്‍ഭാഗ്യം. ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിനു മുന്നില്‍ കേരളം തകര്‍ന്നടിഞ്ഞു. ഏഴ് വിക്കറ്റാണ് ഉമേഷ് വീഴ്ത്തിയത്. കേരളത്തിനെതിരേ ടോസ് നേടിയ വിദര്‍ഭ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഉമേഷിന്റെ മികവില്‍ വിദര്‍ഭ, കേരളത്തെ 106 റണ്‍സിന് പുറത്താക്കി. കേരളത്തിന് പൊരുതി നോക്കാന്‍ പോലും സാധിച്ചില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് സെമിയിലും ആ മികവ് ആവര്‍ത്തിക്കുകയായിരുന്നു.

12 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് ഉമേഷ് യാദവ് ഏഴു വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), സിജോമോന്‍ ജോസഫ് (0), വിനൂപ് മനോഹരന്‍ (0), പരിക്കേറ്റ സഞ്ജു സാംസണ് പകരമെത്തിയ അരുണ്‍ കാര്‍ത്തിക്ക് (4), ജലജ് സക്‌സേന (7), ബേസില്‍ തമ്പി (10), സന്ദീപ് വാര്യര്‍ (0) എന്നിവരെയാണ് ഉമേഷ് പുറത്താക്കിയത്.

കേരള നിരയില്‍ എട്ടുപേര്‍ രണ്ടക്കം കാണാതെ പുറത്തായി. ശേഷിച്ച മൂന്നു വിക്കറ്റ് ഗുര്‍ബാനി സ്വന്തമാക്കി. 37 റണ്‍സെടുത്ത വിഷ്ണു വിനോദിന് മാത്രമാണ് വിദര്‍ഭ ബൗളര്‍മാര്‍ക്കെതിരേ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. വിഷ്ണു പുറത്താകാതെ നിന്നു. സച്ചിന്‍ ബേബി 22 റണ്‍സെടുത്തു.

Exit mobile version