‘എത്ര വേണമെങ്കിലും എഴുതിയെടുക്കൂ, ലക്ഷത്തില്‍ കുറയരുത്’;ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരത്തിനായി ചികിത്സാ സഹായമഭ്യര്‍ത്ഥിച്ച കുടുംബത്തിന് ബ്ലാങ്ക് ചെക്ക് നല്‍കി ക്രുനാല്‍ പാണ്ഡ്യ; അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് കൈത്താങ്ങായി ഓടിയെത്തി ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ.

മുംബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് കൈത്താങ്ങായി ഓടിയെത്തി ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ. ആവശ്യമുള്ള പണം എഴുതിയെടുക്കാന്‍ ബ്ലാങ്ക് ചെക്കാണ് താരം മാര്‍ട്ടിന്റെ കുടുംബത്തിന് നല്‍കിയിരിക്കുന്നത്.

‘സര്‍ ആവശ്യമുള്ളത് എഴുതിയെടുത്തോളൂ. ഒരു ലക്ഷത്തില്‍ കുറയരുത്’. ക്രുനാല്‍ പ്രത്യേകം കുടുംബത്തെ ഓര്‍മ്മിപ്പിക്കുന്നതിങ്ങനെ. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജേക്കബ് മാര്‍ട്ടിന് ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെ ഭാര്യ ബിസിസിഐ ഉള്‍പ്പെടെയുള്ള സംഘടനകളോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

പിന്നാലെ, നിരവധി പേരാണ് സഹായവുമായി എത്തിയത്. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി സഞ്ജയ് പട്ടേലാണ് ആദ്യം സഹായം വാഗ്ദാനം ചെയ്തത്. സൗരവ് ഗാംഗുലി, രവിശാസ്ത്രി, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മുനാഫ് പട്ടേല്‍ തുടങ്ങിയവരും സഹായമെത്തിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. താനും മാര്‍ട്ടിനും ഒരുമിച്ച് കളിച്ചവരാണെന്നും ഈ അവസരത്തില്‍ ഒറ്റയ്ക്കല്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം ഒറ്റയ്ക്കല്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു.

1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങള്‍ കളിച്ച താരമാണ് ജേക്കബ്. കഴിഞ്ഞ ഡിസംബര്‍ 28നാണ് അദ്ദേഹത്തിന് അപകടത്തില്‍ പരിക്കേറ്റത്.

Exit mobile version