ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോടേറ്റ തോല്‍വിക്ക് പിന്നാലെ ഇന്ത്യയുടെ കോച്ച് രാജിവെച്ചു; സ്ഥാനമൊഴിഞ്ഞത് ഇന്ത്യയെ ആദ്യ നൂറിലെത്തിച്ച പരിശീലകന്‍

എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ബഹ്റൈനോട് ഏറ്റ തോല്‍വിയോടെ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ബഹ്റൈനോട് ഏറ്റ തോല്‍വിയോടെ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പിന്നാലെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവെച്ചു. മത്സരം ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് തോറ്റതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം.

2002-2005 കാലയളവിലും അദ്ദേഹം ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നു. 2015-ല്‍ സ്ഥാനമൊഴിഞ്ഞ വിം കോവര്‍മാന്‍സിനു പകരക്കാരനായാണ് ഇംഗ്ലീഷുകാരനായ കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തെത്തുന്നത്.

56-കാരനായ ഇംഗ്ലീഷുകാരനായ കോണ്‍സ്റ്റന്റൈന്‍ 2015-ല്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഫിഫ റാങ്കിങ്ങില്‍ 173-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നാലു വര്‍ഷത്തിനു ശേഷം ഇന്ത്യ റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളിലെത്തി.

”കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ ടീമിനൊപ്പമുണ്ട്. ടീമിന് ഏഷ്യന്‍ കപ്പിലേക്ക് യോഗ്യത നേടിക്കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. അത് നിറവേറ്റി”, രാജിക്കു ശേഷം കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

Exit mobile version